മുസ്‍ലിം വയോധികന് ആൾക്കൂട്ട ആക്രമണം: തെമ്മാടികൾക്ക് ബി.ജെ.പി പിന്തുണയെന്ന് രാഹുൽ ഗാന്ധി; ‘കർശന നടപടിയെടുത്ത് നിയമവാഴ്ച നടപ്പാക്കണം’
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രികനായ മുസ്‍ലിം വയോധികനു നേരെ നടന്ന അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിനെ രാഷ്ട്രീയ ആയുധമാക്കി അധികാരഗോവണികൾ കയറിപ്പറ്റിയവർ രാജ്യമൊട്ടുക്ക് ഭീതിയുടെ ദുർവാഴ്ച സ്ഥാപിച്ചെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞുനിൽക്കുന്ന വിദ്വേഷക്കൂട്ടങ്ങൾ പരസ്യമായി അതിക്രമങ്ങൾ വ്യാപിപ്പിച്ച് നിയമവാഴ്ചയെ ചോദ്യം ചെയ്യുകയാണ്. ഈ തെമ്മാടികൾക്ക് തോന്നിയതെന്തും ചെയ്യാൻ ബി.ജെ.പി സർക്കാറിന്റെ പിന്തുണയുണ്ട്, അതാണവർക്ക് ധൈര്യം പകരുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരെ, വിശിഷ്യ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ തുടരുമ്പോഴും സർക്കാർ സംവിധാനം നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണ്. ഇത്തരം അരാജക പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നിയമവാഴ്ച നടപ്പാക്കണം.
ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങൾക്കും മേലുള്ള ഏതൊരതിക്രമവും ഭരണഘടനക്കെതിരായ കൈയേറ്റമാണ്. നമ്മളത് വകവെച്ച് കൊടുക്കില്ല. ബി.ജെ.പി എത്രതന്നെ ശ്രമിച്ചാലും, വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ഈ ചരിത്രപരമായ പോരാട്ടത്തിൽ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.