''നിങ്ങളൊക്കെ എവിടേക്ക് പോകുന്നവരാണ്?''-ബംഗളൂരുവിൽ ബസ് യാത്രികരായ വിദ്യാർഥികളുമായും വനിതകളുമായും സംവദിച്ച് രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിയുടെ ബസ് യാത്ര വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബസ്‍യാത്രക്കിടെ കോളജ് വിദ്യാർഥികളുമായും സ്ത്രീകളുമായും സംവദിക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. ആദ്യം രാഹുൽ നഗരത്തിലെ കണ്ണിങ്ഹാം റോഡിലെ കഫേ കോഫി ഡെയിൽ കയറി കാപ്പി കുടിച്ചു. അതു കഴിഞ്ഞ് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനിൽ വെച്ച് ആളുകളോട് സംസാരിച്ചു. പിന്നീട് ബസിൽ കയറി യാത്രക്കാർക്കൊപ്പം ചേർന്നു.
നിങ്ങളൊക്കെ എവിടേക്കാണ് പോകുന്നത് എന്ന് രാഹുൽ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം. നമസ്തേ എന്ന് പറഞ്ഞാണ് രാഹുൽ അവരെ അഭിസംബോധന ചെയ്തത്. യാത്രക്കാരുടെ ബന്ധുക്കളടക്കമുള്ളവരുടെ സുഖ വിവരങ്ങളും രാഹുൽ അന്വേഷിക്കുന്നുണ്ട്. യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും രാഹുൽ ചോദിച്ചറിഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം എന്താണ് എന്നാണ് ചോദിക്കുന്നത്. സ്ത്രീകൾ തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെയും വിലക്കയറ്റം ബജറ്റ് താളംതെറ്റിച്ചതിനെയും കുറിച്ച് രാഹുലിനോട് പറയുന്നുമുണ്ട്.
''കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ ബസ് യാത്ര ചെയ്യുന്ന സ്‍ത്രീകൾക്ക് പ്രത്യേക പദ്ധതിയുണ്ടെന്നും അത് നല്ല ഒരാശയമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ'' എന്നും രാഹുൽ അവരോട് തിരിച്ചു ചോദിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽ ഗാന്ധി. മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേയ് 13നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.