ഒരു സാധാരണക്കാരനാണ് ഇത് പറഞ്ഞതെങ്കിൽ അയാളെ നാം സൈക്യാട്രിസ്റ്റിനെ കാണിക്കും -പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. ഒരു സാധാരണക്കാരനാണ് ഇതൊക്കെ പറഞ്ഞതെങ്കിൽ നാം അയാെള സൈക്യാട്രിസ്റ്റിനെ കൊണ്ടുപോയി ചികിത്സിപ്പിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി. താൻ സാധാരണക്കാരെ പോലെ അമ്മയുടെ ഗർഭപാത്രത്തിൽ ജനിച്ച് ഭൂമിയിലേക്ക് വന്നതല്ല, ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്നായിരുന്നു മോദിയുടെ പരാമർശം.
ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ടെലിവിഷൻ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്.
''പ്രധാനമന്ത്രി തന്നെ സ്വയം മിശിഹായായി വിശേഷിപ്പിക്കുകയാണ്. പ്രധാനമന്ത്രിയായി തന്നെ നിയോഗിച്ചത് ദൈവമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് ബാധിച്ച് ഇന്ത്യക്കാർ മരിച്ചുവീഴുമ്പോൾ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ച ഈ വ്യക്തി വെളിച്ചത്തിനായി നിങ്ങളുടെ മൊബൈൽ ഫോൺ ഓൺ ചെയ്തുവെക്കൂ എന്നാണ് ആഹ്വാനം ചെയ്തത്.
അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്തത് അംബാനിയെയും അദാനിയെയും പോലുള്ള 22 പേർക്ക് മാത്രമാണ്. അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും അവർ അദാനിക്ക് തീറെഴുതിക്കഴിഞ്ഞു.
ബിസിനസുകാർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും മോദിയത് നിമിഷ നേരം കൊണ്ട് സാധിച്ചുകൊടുക്കും. സാധാരണക്കാർ വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കും തൊഴിലിനും വേണ്ടി യാചിക്കുമ്പോൾ പ്രധാനമന്ത്രി നിശ്ശബ്ദനായി നിൽക്കും. ദൈവം നേരിട്ടയച്ച വ്യക്തി സമ്പന്നർക്കു വേണ്ടി മാത്രം നല്ല കാര്യങ്ങൾ ചെയ്യുന്നത് വിചിത്രമാണ്.''- രാഹുൽ പറഞ്ഞു. ഡല്‍ഹിയുടെ വടക്കു-കിഴക്കന്‍ പ്രദേശമായ ദില്‍ഷദ് ഗാര്‍ഡനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനുവേണ്ടി സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.