ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: അസമിൽ പുരോഗമിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാന സർക്കാറുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറി. രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം കേസുകളെടുത്ത് ന്യായ് യാത്രയെ പൊളിക്കാൻ അസം സർക്കാർ നടത്തുന്ന ശ്രമങ്ങളെ രാഹുൽ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇനി എത്ര എഫ്.ഐ.ആർ വേണമെങ്കിലും ഫയൽ ചെയ്തോളൂ, ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരുന്നു.
എന്നാൽ, രാഹുലിനെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ തിരിച്ചടിച്ചു. ഇപ്പോൾ നടപടിയെടുത്താൽ അത് രാഷ്ട്രീയ നീക്കമായി ചിത്രീകരിക്കും. അസം സർക്കാറിനോ ബി.ജെ.പിക്കോ വിമർശനം ഉണ്ടാക്കാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നുമാണ് അസം മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം ബി.ജെ.പിയുടെ അക്രമി സംഘം കഴിഞ്ഞ ദിവസം രണ്ട് തവണ ഭാരത് ജോഡോ യാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.