രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പിൽ മത്സരിക്കാം
text_fieldsന്യൂഡൽഹി: അപകീർത്തി കേസിൽ സുപ്രീംകോടതിയുടെ അനുകൂല വിധി വന്നതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. രാഹുലിന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തടസ്സമുണ്ടാകില്ല.
രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടാൻ ലോക്സഭ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കണം. ഉടൻ ഉത്തരവിറക്കിയാൽ അവിശ്വാസ പ്രമേയ ചർച്ചയിൽ ഉൾപ്പെടുത്താം. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് അവിശ്വാസ പ്രമേയം ചർച്ച. 10ന് പ്രധാനമന്ത്രി പ്രമേയത്തിന് മറുപടി പറയും.
രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകുന്നതിനോട് കോടതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹത്തിന്റെ ലോക്സഭ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അപകീർത്തി കേസിൽ പരമാവധി ശിക്ഷ രണ്ടുവർഷം വരെയാകാമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.
ഒരു മണ്ഡലം ജനപ്രതിനിധിയില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നും കോടതി ചോദിച്ചു. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് കോടതി സമയം നൽകിയത്. ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുമ്പോൾ ഹരജിക്കാരൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജഠ്മലാനിയും ഹാജരായി.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളിയപ്പോഴാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.