രാഹുൽ ശ്രീനഗറിൽ ദേശീയ പതാക ഉയർത്തുന്നത് പി.സി.സി ആസ്ഥാനത്ത്
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 30ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തുന്നത് ശ്രീനഗർ ലാൽ ചൗക്കിലെ പി.സി.സി ആസ്ഥാനത്ത്. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ പദയാത്രയുടെ ഓർമ തലമുറകൾക്ക് കൈമാറുന്ന വിധം ഒരു നിർമിതി അവിടെ ഉയർത്താനാണ് കോൺഗ്രസ് ഒരുക്കം.
ഇതിന് ഭൂമി വിട്ടുകിട്ടേണ്ടതു കൊണ്ടും മറ്റുമാണ് പതാക ഉയർത്തൽ കോൺഗ്രസ് ഓഫിസിലാക്കിയതെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് ജയ്റാം രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. മറിച്ച്, സുരക്ഷ കാരണങ്ങളാലല്ല.
30ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തുന്ന രാവിലെ 10ന് രാജ്യത്തെ എല്ലാ ഡി.സി.സി ഓഫിസുകൾക്കു മുന്നിലും പ്രവർത്തകർ ദേശീയ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കും. യാത്രയുടെ സമാപനത്തെത്തുടർന്ന് 11ന് ശെഹ്രെ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം. ഈ യോഗത്തിലേക്ക് രണ്ടു ഡസൻ പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയുടെ തുടർപരിപാടിയായി കോൺഗ്രസ് പ്രവർത്തകർ റിപ്പബ്ലിക് ദിനം മുതൽ മാർച്ച് 26 വരെ ദേശവ്യാപക സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ യാത്ര നടത്തും. ഇതിന്റെ ലോഗോ വേണുഗോപാൽ ഡൽഹിയിൽ പുറത്തിറക്കി. ഭരണവൈകല്യങ്ങൾ ഉയർത്തിക്കാട്ടി നരേന്ദ്ര മോദി സർക്കാറിനെതിരായി തയാറാക്കിയ കുറ്റപത്രവും സമ്പർക്ക പരിപാടിയിൽ വീടുവീടാന്തരം എത്തിക്കും.
തരിഗാമിയെ വിലക്കി സി.പി.എം; സി.പി.ഐ പങ്കെടുക്കും
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് വിവിധ പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ടെങ്കിലും സി.പി.എം പങ്കെടുക്കില്ല. സി.പി.ഐ പങ്കെടുക്കും. ജോഡോ യാത്രയുടെ സന്ദേശത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ 30ന് ശ്രീനഗറിൽ എത്തുന്നത്. എന്നാൽ കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയാണെന്നിരിക്കെ, അതിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം.
ജമ്മു-കശ്മീരിലെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ യൂസുഫ് തരിഗാമിയെ കോൺഗ്രസ് പ്രത്യേകമായി ക്ഷണിച്ചിരുന്നു. എന്നാൽ പോകേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലക്കി. സമാപന ചടങ്ങിലേക്ക് തരിഗാമിയെ ക്ഷണിച്ചുവെന്നും അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. യെച്ചൂരിയുടെ നിലപാട് എന്താണെന്ന് അറിയില്ല. ഭാരത് ജോഡോ യാത്രയെക്കുറിച്ച് അദ്ദേഹം നേരത്തെ നല്ല വാക്കുകൾ പറഞ്ഞിരുന്നു. അതു നല്ല കാര്യമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.