എം.കെ. സ്റ്റാലിന്റെ 'ഉങ്കളിൽ ഒരുവൻ' രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും
text_fieldsചെന്നൈ: ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് തിങ്കളാഴ്ച ചെന്നൈ വേദിയാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ 'ഉങ്കളിൽ ഒരുവൻ'(നിങ്ങളിൽ ഒരുവൻ) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ദേശീയ നേതാക്കൾ അണിനിരക്കുമെന്ന് കരുതുന്നത്.
തിങ്കളാഴ്ച വൈകീട്ട് 3.30ന് ചെന്നൈ നന്ദമ്പാക്കം ബിസിനസ് സെന്ററിൽ രാഹുൽഗാന്ധി എം.പിയാണ് പ്രകാശനം നിർവഹിക്കുക. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, എൻ.സി.പി നേതാവ് ശരദ്പവാർ തുടങ്ങിയവർക്ക് സ്റ്റാലിൻ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എന്നിവർ പങ്കെടുക്കും. ഈയിടെ മമത ബാനർജി സ്റ്റാലിനും ചന്ദ്രശേഖർ റാവുവുമായും ബദൽ മുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. ബി.ജെ.പി - കോൺഗ്രസ് ഇതര കക്ഷികളുടെ പ്രതിപക്ഷ വേദിക്ക് രൂപം നൽകണമെന്നാണ് മമതയുടെ നിലപാട്. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്ക് ബദൽ രൂപവത്കരിക്കാനാവില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. 2020ലെ ബിഹാർ തെരഞ്ഞെടുപ്പിനുശേഷം തേജസ്വി യാദവും രാഹുൽ ഗാന്ധിയും ആദ്യമായാണ് വേദി പങ്കിടുന്നത്. പൂംപുഹാർ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ സ്റ്റാലിന്റെ 23 വയസ്സ് വരെയുള്ള ജീവിതചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചതും സ്റ്റാലിനായിരുന്നു. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഒരിക്കലും അധികാരത്തിൽ വരാനാവില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ഈയിടെ നടത്തിയ പ്രസംഗത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പ്രകാശിപ്പിച്ച് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.