‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി; ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങി മഹാരാഷ്ട്ര വരെ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രക്ക് ജനുവരി 14ന് തുടക്കമാവും. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്യും.
14 സംസ്ഥാനങ്ങളിലൂടെയും 85 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റർ പ്രത്യേകം സജ്ജീകരിച്ച ബസിലും കാൽനടയായുമാണ് യാത്ര ചെയ്യുക. മണിപ്പൂർ, നാഗാലൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
രാഹുൽ ഗാന്ധി നയിച്ച വൻ വിജയമായിരുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. കന്യാകുമാരിയിൽ നിന്ന് തുടങ്ങി കശ്മീരിൽ അവസാനിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ അവസാനിക്കുന്ന മറ്റൊരു യാത്ര രാഹുൽ നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഏകദേശം 3970 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്.
യാത്രയുടെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം സംഘടിപ്പിച്ച പൊതു റാലികളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവാദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു രാഹുൽ നയിച്ച യാത്രയുടെ പ്രാഥമിക ലക്ഷ്യം. തൊഴിലില്ലായ്മ, അസമത്വം എന്നിവയും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.