തമിഴരുടെ കാർഷികോത്സവമായ ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധിയും
text_fieldsചെന്നൈ: തമിഴരുടെ കാർഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തും. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയാണ് ഇക്കാര്യമറിയിച്ചത്.
ജനുവരി 14ന് ജെല്ലിക്കെട്ട് നടക്കുന്ന അവനിയാപുരത്താണ് രാഹുൽ ഗാന്ധി എത്തുന്നത്. 'തമിഴ് വണക്കം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്. രാവിലെ 11 മണിക്ക് മധുരയിൽ വിമാനമിറങ്ങി കാർമാർഗം ജെല്ലിക്കെട്ട് മൈതാനത്തിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ കർഷക നേതാക്കളെയും കാണും. വൈകീട്ട് ഡൽഹിക്ക് തിരിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ബന്ധമില്ലെന്ന് അഴഗിരി വ്യക്തമാക്കി. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്നാട്ടിലെത്തുന്നുണ്ട്.
നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളേർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.