പാവപ്പെട്ടവരുടെയും മധ്യവർഗക്കാരുടെയും വരുമാനം ഇടിഞ്ഞു; സർക്കാറിന്റെ ശ്രദ്ധ സുഹൃത്തുക്കളുടെ ഖജനാവ് നിറക്കലിൽ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: റീടെയിൽ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഭരണത്തിൽ പാവപ്പെട്ടവരും വരുമാനത്തിൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മധ്യവർഗക്കാരുടെ വരുമാനത്തിൽ 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാൽ, സമ്പന്നരുടെ വരുമാനം 40 ശതമാനം ഉയർന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും സർക്കാറിന് പ്രശ്നമില്ല. സുഹൃത്തുക്കളുടെ ഖജനാവ് നിറക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ചാർട്ടും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞിരുന്നു. മാർച്ചിൽ 5.6 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്നു പണപ്പെരുപ്പം.
സാധനങ്ങളുടെയും സേവനങ്ങളുടെയും റീടെയിൽ വിലയെ അടിസ്ഥാനമാക്കിയാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കണക്കാക്കുന്നത്. പണപ്പെരുപ്പം 4 ശതമാനത്തിൽ നിർത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം. ആർ.ബി.ഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പണപ്പെരുപ്പവും കുറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.