'മോദിജീ, ഞങ്ങളുടെ കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്കയച്ചത്?'; ആ ചോദ്യം ഏറ്റെടുത്ത് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 'മോദിജീ..ഹമാരേ ബച്ചോം കീ വാക്സിൻ വിദേശ് ക്യോം ഭേജ് ദിയാ? (മോദിജീ, ഞങ്ങളുടെ കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ നിങ്ങളെന്തിനാണ് വിദേശത്തേക്ക് അയച്ചത്?')...ഡൽഹിയിലെ പലയിടങ്ങളിലും പതിച്ച പോസ്റ്ററുകളിം ബാനറുകളിലുമുള്ളത് ഈ ചോദ്യമായിരുന്നു. അധികാര കേന്ദ്രത്തിനു താഴെ പൊള്ളുന്ന ചോദ്യങ്ങളെറിഞ്ഞ ആ പോസ്റ്ററുകൾ നരേന്ദ്ര മോദി സർക്കാറിന് ഒട്ടും ദഹിച്ചില്ല. ഫലം, അവയൊട്ടിച്ച പാവങ്ങളെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റുകൾ വിവാദമായതോടെ ഈ ചോദ്യം രാജ്യത്തുടനീളം കൂടുതൽ ശക്തമായി ഉയരുകയാണ്. അതിെൻറ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതേ ചോദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഒപ്പം തെൻറ പ്രൊഫൈൽ പടവും ഈ ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയാണ് രാഹുൽ കറുപ്പു പ്രതലത്തിൽ വെളുത്ത അക്ഷരങ്ങളിൽ ഈ ചോദ്യം ഉന്നയിച്ചത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം അരലക്ഷത്തോളം പേർ ലൈക് ചെയ്ത ട്വീറ്റ് 15,000ത്തിലേറെ പേർ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.
പഠനം നിർത്തിയ 19കാരൻ, 30 വയസ്സുള്ള റിക്ഷാക്കാരൻ, 61 വയസ്സുള്ള ആശാരിപ്പണിക്കാരൻ... പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തവരിൽ ഏറെയും ഇത്തരത്തിലുള്ള കൂലിപ്പണിക്കാരാണ്. ആം ആദ്മി പാർട്ടി ഭാരവാഹികൾ 600 രൂപ ദിവസക്കൂലിക്ക് തങ്ങളെ ജോലി ഏൽപിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരിൽ പലരും 'ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു. ലോക്ഡൗണിൽ തൊഴിലൊന്നുമില്ലാതെ ബുദ്ധിമുട്ടിലായവർ പോസ്റ്ററുകളും ബാനറുകളും പതിക്കാനുള്ള ജോലി ഏറ്റെടുക്കുകയായിരുന്നു.
സ്പെഷൽ ബ്രാഞ്ച് അറിയിച്ചതനുസരിച്ച് ഡൽഹി പൊലീസ് കമീഷണർ എൻ.എൻ. ശ്രീവാസ്തവയുടെ നേതൃത്വത്തിൽ 25ലേറെപ്പേരെയാണ് കസ്റ്റഡിയിലെടുത്തത്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലിയിൽനിന്ന് രാഹുൽ ത്യാഗി, രാജീവ് കുമാർ, ദിലീപ് തിവാരി, ശിവം ദുബേ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. െവസ്റ്റ് ഡൽഹിയിലെ കീർത്തി നഗറിൽനിന്ന് ദേവേന്ദർ കുമാർ, തിലക് രാജ് ഛബ്ര, അനിൽ ഗുലാത്തി, മുരാരി, രാകേഷ് കുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. മെയ് 12 മുതലാണ് പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തത്. പോസ്റ്ററുകളും ബാനറുകളുമൊക്കെ പൊലീസ് നീക്കം ചെയ്യുകയും ചെയ്തു.
ആം ആദ്മി പാർട്ടിയാണ് ഇവരെ പോസ്റ്ററുകളും ബാനറുകളും ഏൽപിച്ചതെന്നതിനോട് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പകരം, 'മോദിജീ..ഹമാരേ ബച്ചോം കീ വാക്സിൻ വിദേശ് ക്യോം ഭേജ് ദിയാ? എന്ന പോസ്റ്ററിലെ അതേ വാചകങ്ങൾ കഴിഞ്ഞ ദിവസം പാർട്ടിയുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി ഈ ചോദ്യമുന്നയിച്ച് രംഗത്തെത്തിയതോടെ ഇതുസംബന്ധിച്ച വിവാദങ്ങൾ പുതിയ തലത്തിലേക്ക് മാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.