'തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ വിനോദയാത്രയിൽ'; വിമർശനവുമായി ആർ.െജ.ഡി നേതാവ്
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിെൻറ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 70 റാലികൾ നടത്താൻ കഴിഞ്ഞില്ലെന്നും നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് വിനോദയാത്രക്ക് പോയിരിക്കുകയായിരുന്നുവെന്നും ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റെപ്പടുത്തി.
'കോൺഗ്രസ് മഹാസഖ്യത്തെ ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. അവർ 70 സീറ്റുകളിൽ മത്സരിച്ചു, എന്നാൽ 70 റാലികൾ പോലും നടത്താൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധി മൂന്നുദിവസം മാത്രം വന്നു. പ്രിയങ്ക വന്നില്ല. ബിഹാറുമായി പരിചയമില്ലാത്തവരാണ് ഇവിടെയെത്തിയത്. അതുശരിയല്ല' -ശിവാനന്ദ് തിവാരി പറഞ്ഞു.
'ഇത് ബിഹാറിൽ മാത്രം നടക്കുന്ന കാര്യമല്ലെന്ന് ഞാൻ കരുതുന്നു. മറ്റു സംസ്ഥാനങ്ങളിലും കഴിയുന്നത്ര സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുകയും പരമാവധി സീറ്റുകളിൽ പരാജയമേറ്റു വാങ്ങുകയും ചെയ്യും. കോൺഗ്രസ് തീർച്ചയായും ഇതിനെപ്പറ്റി ചിന്തിക്കണം' -തിവാരി കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ 19 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത്. 243 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടിയാൽ കേവല ഭൂരിപക്ഷം നേടാനാകും. എന്നാൽ കേവലഭൂരിപക്ഷത്തിനേക്കാൾ രണ്ടുസീറ്റുകൾ മാത്രം അധികം നേടി എൻ.ഡി.എ അധികാരം പിടിക്കുകയായിരുന്നു. മഹാസഖ്യത്തിന് 110 സീറ്റുകളും ലഭിച്ചു. മഹാസഖ്യത്തിലെ സഖ്യകക്ഷികളായ ആർ.ജെ.ഡിക്കും ഇടതുപാർട്ടികൾക്കും മികച്ച വിജയം നേടാനാകുകയും ചെയ്തിരുന്നു.
'തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുേമ്പാൾ രാഹുൽ ഗാന്ധി ഷിംലയിലെ പ്രിയങ്കയുടെ വീട്ടിൽ വിനോദയാത്രക്ക് പോയിരിക്കുകയായിരുന്നു. ഇതുേപാലെയാണ് പാർട്ടി നടത്തികൊണ്ടുപോകേണ്ടത്. കോൺഗ്രസ് പാർട്ടിയുടെ രീതി ബി.ജെ.പിക്ക് ഗുണം ചെയ്യുന്നുവെന്ന ആരോപണം ഇതിലൂടെ ശരിവെക്കുന്നു' -തിവാരി പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റുവിഭജനം തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചു. തെരഞ്ഞെടുപ്പ് ഫലം വിചാരിച്ചതിനേക്കാൾ മോശമായിരുന്നുവെന്നും കോൺഗ്രസ് ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യത്തിൽ സീറ്റ് വിഭജനം നടത്തിയതിൽ പാളിച്ചകളുണ്ടായതായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബിഹാറിലെ മുതിർന്ന നേതാവുമായ താരിഖ് അൻവർ സമ്മതിച്ചിരുന്നു. ആത്മപരിശോധനക്ക് ഹൈക്കമാൻഡ് തയാറാകണമെന്നും തെരഞ്ഞെടുപ്പ് വേളയിൽ നേതൃത്വം സാധ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും താരിഖ് അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.