ഹാഥറസ് ദുരന്തം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തയച്ച് രാഹുൽ
text_fieldsലഖ്നോ: ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേർ മരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി.
മരിച്ചവരുടെ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധി കത്തിൽ വിശദീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നൽകണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ദാരുണമായ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ വീഴ്ച തിരിച്ചറിയാൻ നിഷ്പക്ഷമായ അന്വേഷണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. 80,000 പേർക്കായിരുന്നു അനുമതി എന്നിരിക്കെ എങ്ങനെയാണ് ഇത്രയധികം ആളുകൾ അവിടെയെത്തിയത്? കുറ്റക്കാർ ആരായാലും നടപടിയെടുക്കണം" - ഹാഥറസ് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
സ്വയം പ്രഖ്യാപിത ആൾദൈവമായ ജഗദ്ഗുരു സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിൽ ഹാഥറസിൽ നടന്ന പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.