നീറ്റ് ക്രമക്കേട് ലോക്‌സഭയിൽ ചർച്ച ചെയ്യണം; മോദിക്ക് കത്തയച്ച് രാഹുൽ
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടിൽ ലോക്‌സഭയിൽ ചർച്ചക്ക് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അഭ്യർഥന പാർലമെന്‍റിന്‍റെ ഇരുസഭകളിലും നിരസിച്ചതായും ഇക്കാര്യം സർക്കാറുമായി ചർച്ച ചെയ്യുമെന്ന് ലോക്‌സഭ സ്പീക്കർ പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
"മുന്നോട്ടുള്ള വഴി കണ്ടെത്താൻ ക്രിയാത്മകമായി ഇടപെടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ നിമിഷത്തിൽ, ഇന്ത്യയിലുടനീളം നീറ്റ് പരീക്ഷ എഴുതിയ 24 ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ ക്ഷേമമാണ് ഞങ്ങളുടെ ഏക ആശങ്ക" -അദ്ദേഹം പറഞ്ഞു.
ഏഴ് വർഷത്തിനിടെ 70-ലധികം പേപ്പർ ചോർച്ചകൾ കണ്ടു. ഇത് രണ്ട്കോടി വിദ്യാർഥികളെ ബാധിച്ചു. അതിനാൽതന്നെ നീറ്റ് പരീക്ഷ അടിയന്തിര ശ്രദ്ധ അർഹിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾ ഉത്തരങ്ങൾ അർഹിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണ് പാർലമെന്‍ററി സംവാദമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിന്‍റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നാളെ സഭയിൽ സംവാദത്തിന് സൗകര്യമൊരുക്കാൻ സർക്കാറിനോട് അഭ്യർഥിക്കുന്നു. പ്രധാനമന്ത്രി സംവാദത്തിന് നേതൃത്വം നൽകിയാൽ അത് ഉചിതമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.