ഹരിയാനയിലെ തിരിച്ചടി പരിശോധിക്കും; നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ
text_fieldsന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ആദ്യമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കുമെന്ന് രാഹുൽ പറഞ്ഞു.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ കരുത്തുകാണിച്ച കോൺഗ്രസിനെ രാഷ്ട്രീയ ഗോദയിൽ അവിശ്വസനീയമായി മലർത്തിയടിച്ചാണ് ബി.ജെ.പി ഹരിയാനയിൽ ഹാട്രിക് ജയം നേടിയത്. ആദ്യഫല സൂചനകളിൽ മതിമറന്ന് ആഹ്ലാദിച്ച് മധുരം വിതരണം ചെയ്ത കോൺഗ്രസിന് കിട്ടിയത് 37 സീറ്റുകളാണ്. ബി.ജെ.പി 48 സീറ്റുകളുമായി വീണ്ടും അധികാരം ഉറപ്പിച്ചു. പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
‘ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൃദയംനിറഞ്ഞ നന്ദി -സംസ്ഥാനത്തെ ഇൻഡ്യ മുന്നണിയുടെ വിജയം ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും വിജയം. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണ്. വിവിധ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള പരാതികൾ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കും. പിന്തുണച്ച ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാർട്ടി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. അവകാശങ്ങൾക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങൾ തുടരും, ശബ്ദമുയർത്തിക്കൊണ്ടിരിക്കും’ -രാഹുൽ എക്സിൽ കുറിച്ചു.
ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് (എൻ.സി)-കോൺഗ്രസ് സഖ്യം 49 സീറ്റുകൾ നേടിയാണ് അധികാരം ഉറപ്പിച്ചത്. നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ ബി.ജെ.പിക്ക് 29 സീറ്റുണ്ട്. മുൻ ഭരണകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റിലൊതുങ്ങി.
ഹരിയാനയിൽ വോട്ടുയന്ത്രത്തിൽ അട്ടിമറിയുണ്ടെന്നും കോൺഗ്രസിനെ തോൽപിച്ചതാണെന്നും വിധി അംഗീകരിക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.