പാർലമെന്റിൽ പ്രതിപക്ഷ മൈക്കുകൾക്ക് നിയന്ത്രണം; ഖാർഗെയുടെ മൈക്കും ഓണാക്കിയില്ല
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിലെയും അധോസഭയിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും സംസാരിക്കുന്നതിന് അപ്രഖ്യാപിത വിലക്ക്. പ്രധാനമന്ത്രിയെയും സഭാ നേതാവിനെയുംപോലെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേറ്റ് നിന്നാൽ മറ്റുള്ളവരുടെ സംസാരം നിർത്തിവെച്ചും അത് അനുവദിക്കണമെന്ന പാർലമെന്ററി കീഴ്വവഴക്കം തെറ്റിച്ചാണ് സഭാധ്യക്ഷന്മാരുടെ നടപടി.
പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ മൈക്ക് ഓണാക്കാൻ ഗൗരവ് ഗോഗായിയും കെ.സി. വേണുഗോപാലും എ. രാജയും അടക്കമുള്ളവർ പറഞ്ഞിട്ടും ചെയ്യാതിരുന്നപ്പോൾ രാഹുലിന് നേരിട്ട് ആവശ്യപ്പെടേണ്ടിവന്നു. ഒടുവിൽ മൈക്ക് ഓണാക്കി രാഹുൽ സംസാരിച്ച് രണ്ട് വാചകം പറഞ്ഞപ്പോഴേക്കും മൈക്ക് ഓഫ് ആക്കി സഭാരേഖകൾ വെക്കാൻ ഓം ബിർള മന്ത്രിമാരെ ക്ഷണിച്ചു.
രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ സംസാരിക്കാൻ മൈക്ക് ഓണാക്കണമെന്ന് നിരന്തരം എഴുന്നേറ്റു നിന്ന് ആവശ്യപ്പെട്ടിട്ടും ചെയർമാൻ ജഗ്ദീപ് ധൻഖർ കൂട്ടാക്കിയില്ല. അതിൽ ക്ഷുഭിതനായാണ് അത്യപൂർവമായ നടപടിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെയും കൂട്ടി മല്ലികാർജുൻ ഖാർഗെ നടുത്തളത്തിലിറങ്ങിയത്. തനിക്ക് നടുത്തളത്തിൽ ഇറങ്ങേണ്ടിവന്നത് രാജ്യസഭ ചെയർമാന്റെ തെറ്റ് കൊണ്ടാണെന്ന് പാർലമെന്റിന് പുറത്ത് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസാരിക്കാനായി പത്ത് മിനിറ്റ് നേരം താൻ വിരൽ ഉയർത്തിപ്പിടിച്ചിട്ടും ധൻഖർ സമ്മതിച്ചില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് സഭക്കുള്ളിൽ മറുപടി നൽകിയ ധൻഖർ, ഖാർഗെ സഭക്ക് പുറത്ത് അസത്യം പറഞ്ഞുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ചു. അഞ്ച് ദശകമായി പാർലമെന്ററി പരിചയമുള്ള, സംസ്ഥാനത്തും പാർലമെന്റിലും പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച മല്ലികാർജുൻ ഖാർഗെ, ഉപനേതാവ് പ്രമോദ് തിവാരി, മുകുൽ വാസ്നിക് തുടങ്ങിയവർ നടുത്തളത്തിലേക്കിറങ്ങിയത് തനിക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതും അവിശ്വസനീയവുമാണെന്നും പ്രതിപക്ഷ നേതാവും സഭാനേതാവും അവരുടെ പെരുമാറ്റത്തിൽ മഹിമ കാണിക്കണമെന്നും ധൻഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.