രാഹുൽ ഗാന്ധി ലോറിയിൽ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ രാഹുൽ ഗാന്ധിക്കേ സാധിക്കൂവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോറിയിൽ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ കണ്ട ലോറിയിലാണ് രാഹുൽ കയറിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ലോറി ഓടിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെട്ടതായി ട്വിറ്റർ യൂസർമാർ പറയുന്നു. രാത്രി ലോറി ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങളെന്തെല്ലാമാണെന്ന് മനസിലാക്കാനാണ് രാഹുൽ ഗാന്ധി ലോറി ഓടിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നതെന്നാണ് ട്വിറ്ററാട്ടികളുടെ അവകാശവാദം.
അമ്പാലയിൽ നിന്ന് രാഹുൽ ലോറിയിൽ കയറുന്നതിന്റെ വിഡിയോ കോൺഗ്രസ് പ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്. വിഡിയോ കഴിഞ്ഞ രാത്രിയിലേതാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാഹുലിന് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി കുടുംബത്തോടൊപ്പം താമസിക്കുന്ന ഷിംലയിലേക്കുള്ള യാത്രക്കിടെയാണ് രാഹുൽ ലോറിയിൽ കയറിയതെന്നും കോൺഗ്രസ് വ്യക്തമാക്കി.
ലോറിയിൽ ഇരുന്നുകൊണ്ട് അണികൾക്ക് നേരെ കൈവീശുന്ന രാഹുലിന്റെ വിഡിയോ കോൺഗ്രസ് എം.പി ഇംറാൻ പ്രതാപ്ഘാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശീയ പാതയിലൂടെ ലോറി ഓടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനായി അവരെ സമീപിക്കാൻ രാഹുൽഗാന്ധിക്ക് മാത്രമേ സാധിക്കൂവെന്ന് ഇംറാൻ ട്വീറ്റ് ചെയ്തു.
രാഹുൽ രാജ്യത്തെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുകയും രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് സുപ്രീയ ഷ്രിൻഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.