രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നുവെന്ന് എൻ.ഡി ടിവി സർവേ; മോദിക്ക് ജനപ്രീതി ഇടിഞ്ഞു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജനസമ്മിതി കുതിച്ച് ഉയരുന്നതായി സർവേ ഫലം. രാഹുൽ ഗാന്ധിയെ 27 ശതമാനം ജനങ്ങൾ പിന്തുണക്കുന്നതായാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. എൻ.ഡി ടിവി-ലോക്നീതി സംയുക്തമായി നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവന്നത്.
കഴിഞ്ഞ തവണ രാഹുലിനെ പിന്തുണച്ചത് 24 ശതമാനം ജനങ്ങളാണ്. കർണാടകയിൽ ബി.ജെ.പിയെ തകർത്ത് വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഒറ്റക്ക് ഭരണത്തിലേറിയതാണ് രാഹുലിന്‍റെ ജനസമ്മിതിയിൽ കുതിപ്പിന് കാരണമായി സർവേ വിലയിരുത്തുന്നത്.
കോൺഗ്രസിന്‍റെ ഇത്തവണ വോട്ട് വിഹിതം കൂടുമെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചത് 19 ശതമാനമാണ് വോട്ട് വിഹിതമെങ്കിൽ ഇത്തവണ 29 ശതമാനമായി ഉയരുമെന്നാണ് സർവേ പറയുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയിൽ ചെറിയ ഇടിവുണ്ട്. 2019ൽ മോദിക്ക് ലഭിച്ചത് 44 ശതമാനം ജനങ്ങളുടെ പിന്തുണയാണ്. നിലവിൽ ഇത് 43 ശതമാനമായാണ് ഇടിഞ്ഞത്.
കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് വിഹിതം 37 ശതമാനമായിരുന്നു. ഇത് ഇത്തവണ 39 ശതമാനമായി ഉയരുമെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്.
പ്രധാനമന്ത്രി പദത്തിലേക്ക് മോദിയും രാഹുലും കഴിഞ്ഞാൽ ജനപിന്തുണ ഉള്ളത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (4 ശതമാനം), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (4 ശതമാനം), ബി.എസ്.പി നേതാവ് അഖിലേഷ് യാദവ് (3 ശതമാനം), ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (1 ശതമാനം) എന്നിവർക്കാണ്.
രാജ്യത്ത് അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർവേ ഫലം പുറത്തുവന്നത്. മേയ് 10നും 19നും ഇടയിൽ 19 സംസ്ഥാനങ്ങളിലാണ് സർവേ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.