‘ഒടുവിൽ സത്യം വിജയിച്ചു, പിന്തുണക്കും സ്നേഹത്തിനും നന്ദി’; സുപ്രീംകോടതി വിധിക്കു പിന്നാലെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഒടുവിൽ സത്യം വിജയിച്ചെന്നും ജനങ്ങൾ നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
‘ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ അതിനടുത്ത ദിവസം. ഒടുവിൽ സത്യം വിജയിക്കും. എന്തുതന്നെയാകട്ടെ, എന്റെ മുന്നിലുള്ള പാതയെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. എന്റെ കടമയെക്കുറിച്ച്, ഞാനെന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും, ജനങ്ങള്‍ നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും ഞാന്‍ നന്ദി പറയുന്നു’ -രാഹുല്‍ പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകൾ കൊടികളുയർത്തിയും പുഷ്പങ്ങൾ വിതറിയും രാഹുലിനെ വരവേറ്റു. ഇന്ന് സന്തോഷത്തിന്‍റെ ദിനമാണെന്നും രാഹുലിന്‍റെ വിജയം രാജ്യത്തിന്‍റെ മൊത്തം വിജയമാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
സൂര്യനെയും സത്യത്തെയും ഏറെനാൾ മൂടാനാവില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.കേസിൽ രാഹുലിന് പരാമാവധി ശിക്ഷ നൽകാൻ വിചാരണ കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.