ആർ.എസ്.എസിന്റെ അപകീർത്തിക്കേസ്; അതിവേഗ വിചാരണ രാഹുലിന്റെ അവകാശമെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന തനിക്കെതിരായ കേസിൽ അതിവേഗ വിചാരണക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി. വിചാരണ നീട്ടിക്കൊണ്ടുപോകാൻ ഹരജിക്കാരൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 2014ലെ കേസിലെ വിചാരണ നടപടികൾക്കിടെ പുതിയ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെതിരായ രാഹുലിന്റെ ഹരജിയിലാണ് വിധി.
കഴിഞ്ഞ 12നാണ് വിധി പുറപ്പെടുവിച്ചതെങ്കിലും ചൊവ്വാഴ്ചയാണ് പകർപ്പ് ലഭ്യമായത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗാന്ധി വധത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന രാഹുലിന്റെ പരാമർശത്തിന് എതിരെയാണ് അപകീർത്തിക്കേസ്. ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കുന്തേയാണ് രാഹുലിനെതിരെ ഭീവണ്ടി കോടതിയെ സമീപിച്ചത്. പുതിയ രേഖകൾ സമർപ്പിക്കാൻ ഭീവണ്ടി കോടതി നൽകിയ അനുമതി ഹൈകോടതി റദ്ദാക്കി.
2021ൽ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ഹരജിക്കാരൻ പുതിയ രേഖകൾ സമർപ്പിക്കുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞ വർഷം മജിസ്ട്രേറ്റ് കോടതി പുതിയ രേഖകൾ സമർപ്പിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.