'ഭാരത് ജോഡോ യാത്രയിലെ രാഹുലിന്‍റെ പ്രസംഗങ്ങൾ രാജ്യത്തെ രോമാഞ്ചം കൊള്ളിക്കുന്നു'- എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാഹുലിന്‍റെ പ്രസംഗങ്ങൾ രാജ്യത്തെ ജനങ്ങളെ രോമാഞ്ചം കൊള്ളിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ. ഗോപണ്ണ നെഹ്‌റുവിനെ കുറിച്ച് എഴുതിയ 'മാമനിതാർ നെഹ്‌റു' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയ സഹോദരൻ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുകയാണെന്നും കന്യാകുമാരിയിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്തെ ജനങ്ങളെ രോമാഞ്ചം കൊള്ളിക്കുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. അദ്ദേഹം ചിലപ്പോൾ നെഹ്റുവിനെ പോലെയാണ് സംസാരിക്കുന്നത്. മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികൾ നടത്തുന്ന ചർച്ചകളിൽ ഗോഡ്‌സെയുടെ പിൻഗാമികൾക്ക് കയ്പുണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യത്ത് മതേതരത്വവും സമത്വവും നിലനിർത്താൻ ജവഹർലാൽ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ ആവശ്യമാണ്. നെഹ്‌റു യഥാർഥ ജനാധിപത്യവാദിയായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്. നെഹ്റു പ്രതിപക്ഷ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പ്രധാനപ്പെട്ട വിഷയങ്ങൾ പോലും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.