56 ഇഞ്ച് നെഞ്ചും ദൈവവുമായി നേരിട്ടുള്ള ബന്ധവുമെല്ലാം ചരിത്രമായി; മോദിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് രാഹുൽ
text_fieldsവിർജീനിയ (യു.എസ്): അമേരിക്കൻ സന്ദർശനത്തിന്‍റെ രണ്ടാം ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിസ്റ്റർ മോദിയുടെ ആശയവും 56 ഇഞ്ച് നെഞ്ചും ദൈവവുമായി നേരിട്ടുള്ള ബന്ധവുമെല്ലാം ഇല്ലാതായെന്നും ഇപ്പോളത് ചരിത്രമാണെന്നും രാഹുൽ വ്യക്തമാക്കി.
വിർജീനിയയിലെ ഹെർഡണിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് മോദിക്കും ആർ.എസ്.എസിനും എതിരെ രാഹുൽ രൂക്ഷവിമർശനം നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ജനങ്ങളിൽ നിലനിന്ന ഭയത്തിന്‍റെ അന്തരീക്ഷം അപ്രത്യക്ഷമായെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളിൽ നിലനിന്നിരുന്ന ഭയാശങ്കകൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. മാധ്യമങ്ങളിലും ഏജൻസികളിലും സമ്മർദ്ദം ചെലുത്തിയത് അടക്കം ബി.ജെ.പിയും പ്രധാനമന്ത്രിയും വളരെയധികം ഭയം പ്രചരിപ്പിച്ചിരുന്നു. എന്നാൽ, നിമിഷങ്ങൾക്കകം എല്ലാം ഇല്ലാതായി. വളരെയധികം ആസൂത്രണവും പണവും ഉപയോഗിച്ച് ഈ ഭയം പ്രചരിപ്പിക്കാൻ അവർക്ക് വർഷങ്ങളെടുത്തു. എന്നാൽ, ഇതെല്ലാം അവസാനിക്കാൻ ഒരു സെക്കൻഡ് മാത്രമേ വേണ്ടി വന്നുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസംഗത്തിൽ രാഹുൽ രൂക്ഷമായി പരിഹസിച്ചു. 'നിങ്ങൾക്ക് ഇത് കാണാം, എനിക്കിത് പാർലമെന്‍റിൽ കാണാം, ഞാൻ പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നു, മോദിയുടെ ആശയം, 56 ഇഞ്ച് നെഞ്ച്, ദൈവവുമായി നേരിട്ടുള്ള ബന്ധം, അതെല്ലാം ഇല്ലാതായി, അത് ഇപ്പോൾ ചരിത്രമാണെന്ന് എനിക്ക് പറയാൻ സാധിക്കും' -രാഹുൽ പറഞ്ഞു.
ചില സംസ്ഥാനങ്ങളെ മറ്റുള്ളവയെക്കാൾ താഴ്ന്നതാണെന്ന് ആർ.എസ്.എസിന് പറയുന്നതിന് കാരണം അവർക്ക് ഇന്ത്യയെ മനസിലാക്കാത്തത് കൊണ്ടാണെന്ന് കൊണ്ട് രാഹുൽ കുറ്റപ്പെടുത്തി. 'ചില സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണ്, ചില ഭാഷകൾ മറ്റ് ഭാഷകളേക്കാൾ താഴ്ന്നതാണ്, ചില മതങ്ങൾ മറ്റ് മതങ്ങളേക്കാൾ താഴ്ന്നതാണ്, ചില സമുദായങ്ങൾ മറ്റ് സമുദായങ്ങളേക്കാൾ താഴ്ന്നവരാണ്-ഇതെല്ലാമാണ് ആർ.എസ്.എസ് പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
നിങ്ങൾ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടേതായ ചരിത്രവും പാരമ്പര്യവും ഭാഷയുമുണ്ട്. അവയിൽ ഓരോന്നിനും മറ്റൊന്ന് പോലെ പ്രധാനമാണ്. തമിഴ്, മണിപ്പൂരി, മറാത്തി, ബംഗാളി എല്ലാം താഴ്ന്ന ഭാഷകളാണെന്നാണ് ആർ.എസ്.എസിന്‍റെ പ്രത്യയശാസ്ത്രം.
ഏത് തരത്തിലുള്ള ഇന്ത്യയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് എന്നതിനെ കുറിച്ചാണ് പോരാട്ടം. അത് അവസാനിക്കുന്നത് പോളിങ് ബൂത്തിലോ ലോക്‌സഭയിലോ ആണ്. ഇന്ത്യയെ മനസിലാക്കാത്തതാണ് ഇത്തരം ആളുകളുടെ പ്രശ്‌നമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഒരു യൂണിയനാണെന്ന് നമ്മുടെ ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് ഭരണഘടന അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. വൈവിധ്യമാർന്ന ചരിത്രങ്ങൾ, പാരമ്പര്യങ്ങൾ, സംഗീതം, നൃത്തം എന്നിവ ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ഇന്ത്യ യൂണിയനല്ലെന്ന് ബി.ജെ.പി പറയുന്നു.
ഇന്ത്യ ഒരു ആശയമാണെന്ന് ആർ.എസ്.എസ് പറയുന്നു. എന്നാൽ, ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ തിരിച്ചറിഞ്ഞുവെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ വ്യക്തമായെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.