ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: ആവേശമായി രാഹുലിന്റെ യാത്ര
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ അണികൾക്ക് ആവേശം പകരാനും കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ഹരിയാനയിൽ നാല് ദിവസം നീണ്ട വിജയ് സങ്കൽപ് യാത്രക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടക്കമിട്ടു. സീറ്റ് വീതംവെക്കലിൽ ഉടക്കിനിൽക്കുന്ന മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെയും കുമാരി ഷെൽജയെയും അംബാലയിൽ നടന്ന പൊതുയോഗത്തിൽ അടുത്തുനിർത്തിയ രാഹുൽ ഇരുവരുടെയും കൈകൾ ചേർത്തുപിടിപ്പിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
തിങ്കളാഴ്ച രാവിലെ അംബാല ഹുഡ ഗ്രൗണ്ടിൽ ഒരു മണിക്കൂർ നീണ്ട പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷമാണ് യാത്ര ആരംഭിച്ചത്. യമുന നഗർ, മുല്ലാന, സാഹ, ഷാഹ്ബാദ്, ലഡ്വ, പിപ്പിലി എന്നിവിടങ്ങളിൽ സംസാരിച്ച രാഹുലിന്റെ ആദ്യദിവസത്തെ റാലി അവസാനിച്ചത് കുരുക്ഷേത്രയിലാണ്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരംവരെ രാഹുൽ ഹരിയാനയിൽ യാത്ര തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, സംസ്ഥാന നേതാക്കളായ ഭൂപീന്ദർ ഹൂഡ, കുമാരി ഷെൽജ തുടങ്ങിയവരും രാഹുലിനെ അനുഗമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു റാലിയിലുടനീളം രാഹുലിന്റെ പ്രസംഗം. സൈന്യത്തിന്റെ പെൻഷൻ തട്ടിയെടുത്ത് അദാനിക്ക് നൽകാനാണ് മോദി അഗ്നിവീർ പദ്ധതി കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദി സുഹൃത്തുക്കൾക്ക് നൽകിയ പണം പാവപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും കോൺഗ്രസ് നൽകുമെന്നും രാഹുൽ പറഞ്ഞു. ചൊവ്വാഴ്ച ബഹാദൂർഗഡ് സിറ്റി, സോനിപത് മേഖലകളിലാണ് റാലി നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ, സീറ്റ് ലഭിക്കാത്തതിനെതുടർന്ന് വിമത സ്ഥാനാർഥികളായ നേതാക്കളെ കോൺഗ്രസും ബി.ജെ.പിയും പുറത്താക്കി. 10 പേരെ കോൺഗ്രസും ബി.ജെ.പി ഏഴു പേരെയുമാണ് തിങ്കളാഴ്ച പുറത്താക്കിയത്. 90 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
ഹാരിസ് ബീരാൻ ആഭ്യന്തര സ്ഥിരം സമിതി അംഗം
ന്യൂഡൽഹി: മുസ്ലിം ലീഗ് രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാനെ ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്ഥിരം സമിതി അംഗമായി തെരഞ്ഞെടുത്തു. ആഭ്യന്തര നയം, ആഭ്യന്തര സുരക്ഷ, ആഭ്യന്തരകാര്യ നയ രൂപവത്കരണം എന്നിവയുടെ മേൽനോട്ടമാണ് സമിതിയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.