ജെയ്റ്റ്ലി-മല്യ ചർച്ചക്ക് സാക്ഷിയെ ഹാജരാക്കി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വായ്പത്തുക തിരിച്ചടക്കാതെ പൊതുമേഖലാ ബാങ്കുകൾക്ക് അതിഭീമ നഷ്ടമുണ്ടാക്കിയ വ്യവസായി വിജയ് മല്യക്ക് ലണ്ടനിലേക്ക് കടക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഒത്താശ ചെയ്തെന്ന ആേരാപണം കനക്കുന്നു. ഒരു ക്രിമിനൽ, രാജ്യത്തെ കബളിപ്പിക്കാൻ പോകുന്ന കാര്യം മുൻകൂട്ടി അറിഞ്ഞിട്ടും മല്യയെ പിടികൂടാൻ തക്കവിധം അന്വേഷണ ഏജൻസികളെ വിവരം അറിയിക്കാതിരുന്ന അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ലണ്ടനിലേക്ക് പോകുന്നതിന് തലേന്ന് പാർലമെൻറിൽ ജെയ്റ്റ്ലിയും മല്യയും 15 മിനിറ്റ് ചർച്ച നടത്തിയതിന് താൻ ദൃക്സാക്ഷിയാണെന്ന് കോൺഗ്രസിെൻറ രാജ്യസഭ എം.പി പി.എൽ. പുനിയ വെളിപ്പെടുത്തി. രാഹുലിനൊപ്പം വാർത്തസമ്മേളനത്തിലാണ് പുനിയ ഇക്കാര്യം പറഞ്ഞത്.
2016 മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യയിൽനിന്ന് കടന്നത്. രാജ്യസഭാംഗമായിരുന്ന മല്യ അതിനു തലേന്ന് പാർലമെൻറിൽ എത്തിയിരുന്നു. സെൻട്രൽ ഹാളിൽ ദീർഘനേരം മാറിനിന്ന് ഇരുവരും സംസാരിച്ചു. പിന്നീട് സെൻട്രൽ ഹാളിലെ ബെഞ്ചിൽ ഒന്നിച്ചിരുന്നു ചർച്ച നടത്തി. സെൻട്രൽ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം തെളിയും. താൻ പറഞ്ഞത് തെറ്റാണെങ്കിൽ എം.പി സ്ഥാനം രാജിവെക്കാം. ജെയ്റ്റ്ലിയെ കാണാൻ മാത്രമാണ് മല്യ പാർലമെൻറിൽ വന്നതെന്നും പുനിയ വിശദീകരിച്ചു.
വിജയ് മല്യ വിദേശത്തേക്ക് കടക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടും സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, പൊലീസ് തുടങ്ങിയ അന്വേഷണ വിഭാഗങ്ങളെ അറിയിക്കാതിരുന്ന ധനമന്ത്രി ഇപ്പോൾ നുണപറയുകയാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. മല്യക്ക് അനായാസം രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് ജെയ്റ്റ്ലി ചെയ്തതെന്ന് രാഹുൽ വിശദീകരിച്ചു.
മല്യക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസ് ധനമന്ത്രിയുടെ അറിവോടെ തിരുത്തിയെന്ന ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തുവന്നു. വിമാനത്താവളത്തിൽ എത്തിയാൽ അറസ്റ്റു ചെയ്യണമെന്നതിനുപകരം വിവരം അറിയിക്കണമെന്നു മാത്രമായി തിരുത്തിയെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.