രാജ്യത്തുള്ളത് ഏകാധിപത്യം; പ്രതികരിക്കുക എന്നത് പ്രതിപക്ഷ ധർമമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി : രാജ്യത്ത് ഇപ്പോഴൂള്ളത് എകാധിപത്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയവരുടെ കുടുംബത്തെ സന്ദർശിക്കാൻ പുറപ്പെടുന്നതിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് നേരെയുണ്ടാകുന്നത് സർക്കാറിന്‍റെ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യ നടപടികൾ രാജ്യത്തിന്‍റെ സുരക്ഷ 'വാൾവ്' ആണ്. അതു തന്നെ അടച്ചുകളയുകയാണ്. സർക്കാറിനെ വിമർശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്ദമാക്കിയിരിക്കുന്നു. ആ ജോലി കൂടി പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്ഥയാണ്.
കർഷകരെ ആക്രമക്കുന്ന സർക്കാറിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതികരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ ധർമമാണെന്നും ലഖിംപൂരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഖിംപൂരിലേക്ക് പോകാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് യു.പി സർക്കാറിന്‍റെ നടപടി.
എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ ശേഷമാണ് രാഹുൽ ഉത്തർപ്രദേശിലെ ലഖിംപുരിലേക്ക് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.