രാഹുൽ മൂന്ന് ദിവസത്തിനകം വയനാട് ഒഴിഞ്ഞേക്കും; മത്സരിക്കാനില്ലെന്ന് പ്രിയങ്ക
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ഇൻഡ്യയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം റായ്ബറേലി നിലനിർത്താൻ തീരുമാനിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കും. ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കയോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തയാറല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. റായ്ബറേലിയും അമേത്തിയും ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ വരുന്നതിനേക്കാൾ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പ്രിയങ്ക താൽപര്യപ്പെടുന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കാമെന്ന് രാഹുൽ പ്രതികരിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജയറാം രമേശും കെ.സി വേണുഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് നേതാക്കളുടെ സമ്മർദങ്ങൾക്കിടയിലും പദവി ഏറ്റെടുക്കാൻ രാഹുൽ തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി ഇക്കാര്യം ചർച്ചചെയ്ത് പ്രമേയം പാസാക്കിയത്. ശക്തവും ജാഗ്രതയുള്ളതുമായ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി നേതൃപദവി ഏറ്റെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നതോടെ രാഹുലിന് ദേശീയ രാഷ്ട്രീയത്തിൽ നിർണായക റോൾ ലഭിക്കുമെന്നാണ് സമിതിയുടെ അഭിപ്രായം.
കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാനും ഇല്ലായ്മ ചെയ്യാനും ഉപയോഗിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ ഡയറക്ടർ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, വിവരാവകാശ കമീഷണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ നിയമനങ്ങളിൽ പ്രതിപക്ഷ വികാരം പ്രതിഫലിപ്പിക്കാൻ രാഹുലിന് കഴിയുമെന്നും അംഗങ്ങൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.