‘ഇന്ത്യയിൽ, രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്, ഒരു വശത്ത് മഹാത്മ ഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സെയുമാണ്’-രാഹുൽഗാന്ധി
text_fieldsഇന്ത്യയിൽ, രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അതിൽ ഒന്ന് കോൺഗ്രസും മറ്റൊന്ന് ബി.ജെ.പിയും ആർ.എസ്.എസുമാമെന്നും രാഹുൽ ഗാന്ധി. ന്യുയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ. ഒരു വശത്ത് മഹാത്മ ഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സെയുമുണ്ടെന്നതാണ് ഈ പോരാട്ടത്തെ വിവരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമെന്നും രാഹുൽ പറഞ്ഞു. ഭാവിയിലേക്ക് നോക്കാൻ കഴിവില്ലാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസും. അവർക്ക് ഭൂതകാലത്തെക്കുറിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ. എല്ലായ്‌പ്പോഴും ഭൂതകാലത്തിന് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുകയാണ് അവരെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
‘റിയർവ്യൂ മിററിൽ നോക്കി കാറോടിക്കാൻ ശ്രമിക്കുകയാണ് മോദി. എന്തുകൊണ്ടാണ് കാർ ഇടിച്ചതെന്നും മുന്നോട്ടു നീങ്ങാത്തതെന്നും അദ്ദേഹത്തിനു മനസിലാകുന്നില്ല. അതുപോലെയാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ. നിങ്ങൾ മന്ത്രിമാരും പ്രധാനമന്ത്രിയും പറയുന്നത് കേട്ടുനോക്കൂ. അവർ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാനാവില്ല. ഭൂതകാലത്തെക്കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നത്’-രാഹുൽ പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് ട്രെയിൻ അപകടങ്ങൾ സംഭവിച്ചാൽ, മന്ത്രിമാർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തെറ്റുകൾ ഞങ്ങൾ അംഗീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഒഡീഷയിലെ ട്രെയിൻ ദുരന്തത്തെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
‘കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു ട്രെയിൻ അപകടമുണ്ടായത് ഞാൻ ഓർക്കുന്നു. ട്രെയിൻ ഇടിച്ചത് ബ്രിട്ടീഷുകാരുടെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞ് കോൺഗ്രസ് വെറുതെ ഇരുന്നില്ല. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നുവെന്ന് കോൺഗ്രസ് മന്ത്രി പറഞ്ഞു. നമ്മൾ ഒഴിവുകഴിവുകൾ കണ്ടെത്തുന്നു. ഇപ്പോൾ നമ്മൾ നേരിടുന്ന വലിയ പ്രശ്നമാണിത്. യാഥാർഥ്യം അംഗീകരിക്കാനോ നേരിടാനോ തയ്യാറാകുന്നില്ല’-രാഹുൽ പറഞ്ഞു.
യു.എസിൽ ആറു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തിയത്. കാലിഫോർണിയ, വാഷിങ്ടൺ, ന്യൂയോർക്ക് എന്നിവിടങ്ങളിലെത്തി ഇന്ത്യൻ സമൂഹവുമായി രാഹുൽ സംവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.