കന്നിപ്രസംഗത്തിൽ കസറി രാഹുൽ
text_fieldsന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടയിൽ ആദ്യ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ കസറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഇരുത്തി സ്പീക്കർ ഓം ബിർളയോട് പ്രതിപക്ഷത്തിന് പറയാനുള്ളത് ഒട്ടും വികാരത്തള്ളിച്ചയില്ലാതെ പക്വമായി ചുരുങ്ങിയ വാക്കുകളിൽ രാഹുൽ പറഞ്ഞുതീർത്തു.
ഭരണകക്ഷിക്ക് രാഷ്ട്രീയ അധികാരമുണ്ടാകാമെന്നും എന്നാൽ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദം സഭയിൽ കേൾപ്പിക്കുന്നവരാണെന്നും രാഹുൽ സ്പീക്കറെ ഓർമിപ്പിച്ചു. എത്ര ഫലപ്രദമായി സഭ നടന്നോ എന്നതല്ല ഇന്ത്യയുടെ ശബ്ദം ഈ സഭയിൽ എത്രത്തോളം കേൾപ്പിക്കാൻ അവസരം നൽകി എന്നതാണ് ചോദ്യമെന്ന് രാഹുൽ തുറന്നടിച്ചു. സ്പീക്കറെ സഹായിക്കാനും സഭ നടത്താനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
പ്രതിപക്ഷത്തെ കേൾക്കൽ സുപ്രധാനമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണമുണ്ടാകുക. പ്രതിപക്ഷത്തിന്റെ ശബ്ദം ഈ സഭയിൽ കേൾക്കാൻ അനുവദിക്കണം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തി സഭ കൊണ്ടുപോകാമെന്നത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്.
ഇപ്രാവശ്യം കഴിഞ്ഞ തവണത്തേക്കാൾ നിർണായകമായ രീതിയിൽ പ്രതിപക്ഷം ഇന്ത്യൻ ജനതയുടെ ശബ്ദം കേൾപ്പിക്കും. രാജ്യത്തിന്റെ ഭരണഘടന പ്രതിപക്ഷം സംരക്ഷിക്കണമെന്ന് ഇന്ത്യൻ ജനത ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്. തങ്ങളെ അതിന് അനുവദിച്ച് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്പീക്കർ നിർവഹിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.