വയനാട്ടിലേക്കുള്ള വരവ് വികാരഭരിതം, നിങ്ങളാണ് ഞങ്ങളുടെ കുടുംബം -പ്രിയങ്ക ഗാന്ധി
text_fieldsകൽപറ്റ: വയനാട്ടിലേക്കുള്ള തന്റെയും സഹോദരൻ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാറിന് ഉത്തരമില്ലാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുൽ ഗാന്ധിയെ അവർ അയോഗ്യനാക്കിയതെന്നും അവർ പറഞ്ഞു.
കൽപറ്റയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോക്കുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. ബി.ജെ.പി നമ്മുടെ ജനാധിപത്യത്തെ തലകീഴായി മറിച്ചു. പ്രധാനമന്ത്രി ദിവസവും വസ്ത്രധാരണ രീതി മാറ്റുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതശൈലിയിൽ ഒരു മാറ്റവുമില്ല. അവർ ജോലിക്കായി പ്രയാസപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം താൻ രാഹുലിന്റെ വീട് ഒഴിയുന്നതിൽ സഹായിച്ചിരുന്നു. അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് തണലായി ഭർത്താവും മക്കളുമുണ്ടായപ്പോൾ രാഹുലിനെ സഹായിക്കാൻ സ്വന്തക്കാരായി ആരുമില്ല. അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാർ നമ്മുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാൽ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങളിൽ കുരുങ്ങിക്കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
നാട്ടിലെ പ്രശ്‌നങ്ങൾ ചോദ്യം ചെയ്യുന്നത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും ഭരണകൂടങ്ങളുടെ അനീതികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ് ഈ മനുഷ്യനെ ഭരണപക്ഷ അംഗങ്ങൾ വളഞ്ഞിട്ട് അപഹസിക്കാൻ കാരണമെന്നും പറഞ്ഞു. 'നമ്മുടെ രാജ്യം പടുത്തുയർത്തപ്പെട്ടത് സമത്വം, നീതി, ജനാധിപത്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമായ സത്യഗ്രഹങ്ങളിലാണ് നാം തുടങ്ങിയത്. ഇന്നലെ ചില ബി.ജെ.പി നേതാക്കൾ പറഞ്ഞു: ഒരു വ്യക്തിയുടെ പ്രശ്‌നം കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരുന്നുവെന്ന്. എന്നാൽ ഇതല്ല എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുടെ സംരക്ഷണത്തിന് സർക്കാർ മുഴുവൻ പ്രവർത്തിക്കുന്നത്, അത് മറ്റാരുമല്ല... ഗൗതം അദാനിയാണ്' പ്രിയങ്ക വിമർശിച്ചു.
നമ്മുടെ രാജ്യം ഒരു നിർണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. ഏത് എതിർ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സർക്കാർ കരുതുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളടക്കം ഭരണകൂടം അവരുടെ ബിസിനസ് സുഹൃത്തുകൾക്ക് തീറെഴുതി കൊടുക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.