കള്ളം പറയുന്ന ‘റഫാൽ മന്ത്രി’ രാജി വെക്കണം –രാഹുൽ
text_fieldsന്യൂഡല്‍ഹി: റഫാൽ കരാറിൽ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാര്‍ രാജ്യതാൽപര്യത്തിന് എതിരായിരുന്നുവെന്നും അഴിമതിക്ക് കൂട്ടുനിന്ന നിര്‍മല സീതാരാമന് രാജിവെക്കണമെന്നും രാഹുൽ ആവർത്തിച്ചു. ‘റഫാല്‍ മിനിസ്റ്റര്‍’ എന്ന വിശേഷണത്തോടെയാണ് മന്ത്രി നിര്‍മലക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
റഫാല്‍ േപാർ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണെന്നും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) അതിന് പ്രാപ്തരാണെന്നും എച്ച്.എ.എല്‍ മുൻ മേധാവി ടി.എസ്. രാജുവിെൻറ പ്രസ്താവനക്കു പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രാഹുൽ രംഗത്തെത്തിയത്. റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാവില്ലെന്ന നിര്‍മല സീതാരാമെൻറ വാദം കള്ളമാണെന്ന് എച്ച്.എ.എല്‍ മുൻ തലവന്‍ ടി.എസ്. രാജു തന്നെ വ്യക്തമാക്കിയെന്ന് രാഹുല്‍ പറഞ്ഞു.
ഇതോടെ, തെൻറ നിലപാട് സമർഥിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രതിരോധമന്ത്രിയെന്ന് പറഞ്ഞ രാഹുൽ, ടി.എസ്. രാജുവിെൻറ പ്രസ്താവനയുടെ മാധ്യമ റിപ്പോർട്ടും ട്വീറ്റിനൊപ്പം ചേർത്തു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ റഫാല്‍ ഇടപാടില്‍നിന്ന് ഒഴിവാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യു.പി.എ സര്‍ക്കാറാണെന്നായിരുന്നു നിര്‍മല സീതാരാമെൻറ വാദം. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിന് റഫാൽ കരാർ ലഭിക്കാഞ്ഞത് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആൻറണിയുടെ നിലപാടിനെ തുടർന്നാണെന്നും നിർമല ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ആൻറണി, യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യത്തെ ഏകസ്ഥാപനം എച്ച്.എ.എല്ലാണെന്ന് അവകാശപ്പെട്ടു.
സ്വന്തം മന്ത്രാലയത്തിെൻറ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനത്തെ താഴ്ത്തിക്കെട്ടാന്‍ പ്രതിരോധമന്ത്രി ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ആൻറണി പറഞ്ഞിരുന്നു. വിഷയത്തിൽ പ്രതിപക്ഷം വിമർശനം ശക്തമാക്കിയ അവസരത്തിലാണ് കേന്ദ്രമന്ത്രിയെ വെട്ടിലാക്കുന്ന പ്രസ്താവന എച്ച്.എ.എൽ മുൻ മേധാവി നടത്തിയത്. എച്ച്.എ.എല്ലിന് 25 ടൺ ഭാരമുള്ള നാലാം തലമുറ സുഖോയ് യുദ്ധവിമാനങ്ങൾ നിർമിക്കാമെങ്കിൽ എന്തുകൊണ്ടും റഫാൽ വിമാനങ്ങൾ നിർമിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.