ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്ന് ഇ.ഡി.; ക്ഷമയോടെ ചോദ്യങ്ങൾ നേരിട്ടെന്ന വാദം തള്ളി
text_fieldsന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചുള്ള മണിക്കൂറുകൾ നീണ്ട ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാദം തള്ളി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറയുന്നത്.
ചോദിച്ച 20 ശതമാനം ചോദ്യങ്ങൾക്കും ക്ഷീണിതനാണെന്ന് പറഞ്ഞ് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് രാഹുൽ ചെയ്തതത്രെ. രാഹുൽ നൽകിയ ഉത്തരങ്ങൾ അവലോകനം ചെയ്യാൻ മണിക്കൂറുകളെടുത്തിനാലാണ് ദീർഘിച്ചതെന്നും ഓരോ ദിവസവും ചോദ്യം ചെയ്യലിന്‍റെ ദൈർഘ്യമേറിയ ഭാഗം അവലോകനങ്ങളാണെന്നും ഇ.ഡി. വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അഞ്ചു ദിവസത്തിനിടെ 54 മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിനെ ചോദ്യം ചെയ്തത്. എഴുന്നേറ്റുപോകാതെ തുടർച്ചയായി കസേരയിൽ തന്നെ ഇരുന്നു ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും തന്‍റെ ഊർജത്തെക്കുറിച്ച് ഇ.ഡി പോലും ചോദിച്ചെന്നുമെല്ലാം രാഹുൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമായി വിശദീകരിച്ചിരുന്നു. രാഹുലിന് ഐക്യദാർഢ്യവുമായി എ.ഐ.സി.സി സംഘടിപ്പിച്ച പ്രവർത്തക യോഗത്തിലായിരുന്നു രാഹുൽ താൻ 'കൂളാ'യിരുന്നെന്ന് അവകാശപ്പെട്ടിരുന്നത്.
''12 അടി നീളവും വീതിയുമുള്ള മുറി. ഒരു കമ്പ്യൂട്ടറിന് മുന്നിലായി മൂന്ന് ഇ.ഡി ഓഫിസർമാർ. അവരുടെ തുടർച്ചയായ ചോദ്യങ്ങൾ. ഇടക്കിടെ അവർ എഴുന്നേറ്റ് പോകുന്നുണ്ടായിരുന്നു. മുതിർന്ന ഓഫിസർമാരുമായി കാര്യങ്ങൾ ചർച്ച ചെയ്യാനായിരിക്കണം. ഏറ്റവും ഒടുവിലത്തെ ദിവസം 12 മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. എഴുന്നേറ്റുപോകാതെ തുടർച്ചയായി കസേരയിൽ തന്നെ ഇരുന്നു ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ഇ.ഡി ഓഫിസർമാർ ചോദിച്ചു: ഞങ്ങൾ മടുത്തു. നിങ്ങൾ മടുത്തിട്ടില്ലല്ലോ. അതെന്താണ് കാര്യം? വിപാസന ധ്യാനം നടത്താറുള്ളതുകൊണ്ട് ഏഴോ എട്ടോ മണിക്കൂർ ഒറ്റയിരുപ്പ് ഇരിക്കേണ്ടി വന്നാലും തനിക്ക് പ്രശ്നമല്ലെന്ന് അവരോട് പറഞ്ഞു.'' -എന്നിങ്ങിനെയായിരുന്നു രാഹുൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.