മിസ് ഇന്ത്യ പട്ടികയിൽ പിന്നാക്കക്കാരില്ലെന്ന് രാഹുൽ; പരിഹസിച്ച് കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ 90 ശതമാനം പിന്നാക്കക്കാരിൽ ഒരാൾപോലും മിസ് ഇന്ത്യ പട്ടികയിൽ എത്തിയിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. കഴിഞ്ഞ ദിവസം പ്രയാഗ് രാജിൽ നടന്ന പരിപാടിയിലാണ് രാഹുൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് എക്കാലവും അകറ്റിനിർത്തപ്പെടുകയാണെന്ന് പറഞ്ഞത്. രാഹുലിന്റേത് ബാലബുദ്ധിയാണെന്ന് പരിഹസിച്ച റിജിജു, മിസ് ഇന്ത്യ മത്സത്തിലും സംവരണം വേണമെന്നാണോ രാഹുലിന്റെ ആവശ്യമെന്ന ചോദ്യം ഉന്നയിച്ചു.
മാധ്യമപ്രവർത്തകരിലും അവതാരകരിലും പിന്നാക്ക വിഭാഗക്കാർ പേരിനുപോലുമില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. കോർപറേറ്റ് സ്ഥാപനങ്ങളിലും ബോളിവുഡിലുമടക്കം പിന്നാക്കവിഭാഗത്തിൽനിന്ന് എത്ര പ്രാതിനിധ്യമുണ്ടെന്ന് പരിശോധിക്കണം. മാധ്യമങ്ങൾപോലും ഇതിനെക്കുറിച്ച് നിശ്ശബ്ദരാണ്. അവർ ബോളിവുഡ് സിനിമകളെക്കുറിച്ചും കായിക രംഗത്തെക്കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നത്. എന്നാൽ കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ മിണ്ടുന്നില്ല.
ഇന്ത്യയിലെ 90 ശതമാനം പാവപ്പെട്ട കർഷകരെയും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് പ്രധാനം, അത് തന്റെ ദൗത്യമാണ്. ഭാവിയിൽ ഒരുപക്ഷേ രാഷ്ട്രീയ നഷ്ടം ഉണ്ടായാലും താനത് ചെയ്യുമെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
രാഹുൽ ഗാന്ധിയും കോൺഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കിരൺ റിജിജു പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ആദിവാസി വിഭാഗത്തിൽനിന്ന് ആ സ്ഥാനത്തെത്തുന്ന ആദ്യ ആളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളയാളാണ്. ഇത്തവണ മന്ത്രിസഭയിൽ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം റെക്കോഡാണെന്നും റിജിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.