‘ഇൻഡ്യ’ നേതാക്കളെ അനുനയിപ്പിക്കാൻ രാഹുൽ; യോഗത്തിനെത്തുമെന്ന് മമത
text_fieldsന്യൂഡൽഹി: കോൺഗ്രസിന്‍റെ നിയമസഭ തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് ഇൻഡ്യ മുന്നണിയിലുണ്ടായ മുറുമുറുപ്പുകൾ ഒതുക്കാൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഇതോടെ, ഈ മാസം മൂന്നാംവാരം നടത്തുന്ന മുൻനിര നേതാക്കളുടെ യോഗത്തിനെത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പൊതുവായ പ്രകടനപത്രിക, സീറ്റ് പങ്കുവെക്കൽ തുടങ്ങിയ കാര്യങ്ങളിൽ വേഗത്തിൽ നീങ്ങണമെന്ന് മമത നയിക്കുന്ന തൃണമൂൽ കോൺഗ്രസും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആവശ്യപ്പെട്ടു.
ബുധനാഴ്ച നടത്താനിരുന്ന മുൻനിര നേതാക്കളുടെ യോഗം മാറ്റിവെച്ച് പാർലമെന്‍റിലെ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴവിരുന്നിന് ഒത്തുകൂടിയതിനൊപ്പമാണ് ഐക്യം മുൻനിർത്തിയുള്ള സ്വരം മയപ്പെടുത്തൽ. ബി.ജെ.പിക്കെതിരെ വിശ്വാസയോഗ്യമായ വെല്ലുവിളി ഉയർത്താൻ ഇൻഡ്യ മുന്നണിക്ക് കഴിയേണ്ടതിന്‍റെ പ്രാധാന്യമാണ് തൃണമൂൽ കോൺഗ്രസ് വ്യാഴാഴ്ച എടുത്തു പറഞ്ഞത്. ബി.ജെ.പിയും പ്രതിപക്ഷവുമായി നേർക്കുനേർ പോരാട്ടം നടക്കണം. ഇൻഡ്യ മുന്നണി തുടക്കത്തിൽ നേടിയ ഊർജം നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഴുകിപ്പോയതുകൊണ്ട് നഷ്ടപ്പെട്ടുപോയെന്ന് പാർട്ടി നിരീക്ഷിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരസ്പരം മത്സരിച്ചത് തെറ്റായ കാഴ്ചപ്പാടുണ്ടാക്കി -പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയം വലിയ കാര്യമായി കാണേണ്ടതില്ലെന്നും ഭാവിതന്ത്രങ്ങൾ ഇൻഡ്യ മുന്നണി വേഗം രൂപപ്പെടുത്തണമെന്നും ജെ.ഡി.യു നേതാവ് നിതീഷ് കുമാർ പറഞ്ഞു. ജയപരാജയങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടാവും. തെലങ്കാന കോൺഗ്രസിന് കിട്ടിയിട്ടുണ്ട്. അടുത്ത യോഗത്തിലേക്കാണ് താൻ ശ്രദ്ധ വെക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേർത്തു. അതിനിടെ, നിതീഷിനെ ഇൻഡ്യ മുന്നണിയുടെ കൺവീനറാക്കണമെന്ന് ജെ.ഡി.യു നേതാവ് രാംനാഥ് ഠാകുർ എം.പി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.