അപ്പീൽ കേൾക്കാതെ രാഹുൽ സഭയിലേക്കില്ല
text_fieldsന്യൂഡൽഹി: മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച രാഹുൽ ഗാന്ധി തന്റെ അപ്പീലിൽ കോടതിയുടെ ഇടക്കാല ഉത്തരവെങ്കിലും വരുന്നത് വരെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കില്ല.
ലക്ഷദ്വീപ് എം.പിയായിരുന്ന എൻ.സി.പിയുടെ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ വിചാരണ കോടതി ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ അയോഗ്യനാക്കിയ പോലെ രാഹുൽ ഗാന്ധിയുടെ കാര്യത്തിലും ലോക്സഭാ സെക്രട്ടേറിയറ്റ് പ്രത്യേക താൽപര്യം എടുത്ത് തിരക്കിട്ട് അയോഗ്യത കൽപിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് കോൺഗ്രസ് വൃത്തങ്ങൾ ഇത്തരമൊരു വിവരം പങ്കുവെച്ചത്.
ലണ്ടൻ പരാമർശങ്ങൾക്ക് രാഹുലിനെതിരെ അവകാശ ലംഘന നടപടിക്കും ലോക്സഭയിൽ നിന്ന് പുറത്താക്കാനും ബി.ജെ.പി അംഗങ്ങൾ മുറവിളി കൂട്ടുന്നതിനിടയിലാണ് ഗുജറാത്ത് കോടതി വിധി എന്നത് ശ്രദ്ധേയമാണ്. അതോടെ പുറത്താക്കാതെ തന്നെ രാഹുലിനെ അയോഗ്യനാക്കാൻ വഴിയൊരുക്കാനായി. ഇനി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ സാങ്കേതിക നടപടി ക്രമങ്ങൾ മാത്രമാണ് ബാക്കി.
ആദ്യ ജഡ്ജിമാരെ മാറ്റി എതിരെ വിധിക്കുമെന്ന് ഉറപ്പുള്ള ജഡ്ജിയെ നിയമിക്കുകയായിരുന്നു എന്ന തരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരണവുമായി രംഗത്തുവന്നതും ഗുജറാത്ത് കോടതി വിധിക്ക് പിന്നിൽ രാഹുലിനെ സഭയിൽ നിന്ന് പുറത്താക്കുക എന്ന ബി.ജെ.പി അജണ്ടയാണ് എന്ന് സ്ഥാപിക്കാനായിരുന്നു.
അതുകൊണ്ടാണ് ജാമ്യത്തിനുള്ള ഒരുക്കത്തോടെ ഗുജറാത്ത് കോടതിയിലേക്ക് രാഹുൽ പോയത് എന്നും ഖാർഗെ പറഞ്ഞത്. ഗുജറാത്ത് കോടതിക്കെതിരെയുള്ള ഖാർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി വക്താവ് രവി ശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ രൂക്ഷമായാണ് പ്രതികരിച്ചത്.
മേൽകോടതിയിൽ അപ്പീൽ പോകുന്നതിന് മുമ്പ് രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയാൽ കീഴ് കോടതി ഉത്തരവ് സ്റ്റേ ചെയ്താലും അയോഗ്യത നീക്കം ചെയ്യണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.