ജയ ടി.വിയിലും ശശികലയുടെ കുടുംബത്തിലും പരിശോധന തുടരുന്നു
text_fieldsചെന്നൈ: രാഷ്ട്രീയ വടംവലികൾക്കിടെ അണ്ണാഡി.എം.കെ വിമത നേതാക്കളായ വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെട്ട മന്നാർഗുഡി സംഘത്തിെൻറ കുടുംബാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞദിവസം പുലർച്ചെ തുടങ്ങിയ ആദായനികുതി പരിശോധന തുടരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പാർട്ടി മാധ്യമങ്ങളായ ജയ ടി.വി ഒാഫിസിലും നമതു എം.ജി.ആർ മുഖപത്രത്തിലും തിരച്ചിൽ നടത്തുന്നുണ്ട്.
ജയ ടി.വി മാനേജിങ് ഡയറക്ടർ വിവേക് ജയരാമന്റെയും സഹോദരി കൃഷ്ണപ്രിയ വിവേകിന്റെയും വസതികളിലും റെയ്ഡ് തുടരുകയാണ്. ശശികലയുടെ ഉറച്ച അനുയായിയെന്ന്അറിയപ്പെടുന്ന കർണാടകയിലെ അണ്ണാ ഡി.എം.കെയുടെ ചുമതല വഹിക്കുന്ന വി. പുകഴേന്തിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
വ്യാജ കമ്പനികളിലെ അനധികൃത സമ്പാദ്യം, നികുതിവെട്ടിപ്പ്, ഭൂ മാഫിയയുമായി ബന്ധപ്പെട്ട രേഖകൾ, വിവിധ കമ്പനികളിലെ ഒാഹരികൾ, ബാങ്ക് നിക്ഷേപം തുടങ്ങിയ ആയിരക്കണക്കിന് രേഖകളാണ് പിടിച്ചെടുത്തത്. 500ഒാളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഭരണത്തിെൻറ തണലിൽ വളർന്നുപന്തലിച്ച ശശികലയുടെ കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവരാൻ ദിവസങ്ങളെടുക്കുമെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ സൂചന നൽകി. ചെന്നൈയിൽ മാത്രം 100 ഇടങ്ങളിലാണ് പരിശോധന.
അതേസമയം, ദിനകരെൻറ അടുത്തയാളും ആണ്ടിപ്പട്ടി എം.എൽ.എയുമായ തങ്കത്തമിഴ് സെൽവെൻറ കമ്പത്തെ വീട്ടിലും പരിശോധന നടത്തി. സർക്കാറിന് ഭീഷണിയായ വിമത എം.എൽ.എമാരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാൻ കേന്ദ്രം ആദായനികുതി വകുപ്പിെന ഉപയോഗിക്കുന്നതായ ആരോപണത്തിന് ഇത് ബലമേകുന്നു. അടുത്ത ദിവസങ്ങളിൽ 18 വിമത എം.എൽ.എമാരുടെ സ്ഥാപനങ്ങളിലും പരിശോധന നടക്കാനുള്ള സാധ്യതയുണ്ട്.
തമിഴ്നാടിനു പുറമെ പുതുച്ചേരി, കർണാടക, ആന്ധ്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായി 187 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 1800 ഉദ്യോഗസ്ഥരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപത്തെ ജയലളിതയുടെ വേനൽകാല വിശ്രമകേന്ദ്രമായിരുന്ന കോടനാട് എസ്റ്റേറ്റിൽ 30 ഉദ്യോഗസ്ഥരെക്കൂടി എത്തിച്ചു. മന്നാർഗുഡി സംഘത്തിെൻറ പേരുകളിൽ ഇവിടെ തേയില കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.