വിരുപക്ഷപ്പയുടെ വീട്ടിലും റെയ്ഡ്; പണവും സ്വർണവും പിടിച്ചെടുത്തു
text_fieldsബംഗളൂരു: ചന്നഗിരി ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പയുടെ (58) ദാവൻകരെയിലെ വസതിയിൽ ലോകായുക്ത സംഘം നടത്തിയ റെയ്ഡിൽ പണവും സ്വർണവും കണ്ടെടുത്തു. 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയുമാണ് കണ്ടെടുത്തത്.
ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ഒന്നാം പ്രതിയായ വിരുപക്ഷപ്പ ഒളിവിലാണ്. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥനും എം.എൽ.എയുടെ മകനുമായ ബി.ഡബ്ലിയു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാൽ കേസിൽ രണ്ടാം പ്രതിയാണ്. കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ ലോകായുക്ത സംഘം കൈയോടെ പിടികൂടിയിരുന്നു. പിന്നീട് ഓഫിസിൽ നടത്തിയ പരിശോധനയിൽ 2.2 കോടി രൂപയും ഡോളേഴ്സ് കോളനിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 6.1 കോടി രൂപയും കണ്ടെടുത്തിരുന്നു.
അഴിമതിക്കേസിൽ വെട്ടിലായതോടെ എം.എൽ.എ വിരുപക്ഷപ്പ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ് ആൻഡ് ഡി.എൽ) ചെയർമാൻ പദവി രാജിവെച്ചിരുന്നു.
അഴിമതിക്കേസിൽ പ്രതിയായ കർണാടകയിലെ ബി.ജെ.പി എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബൊമ്മൈ സർക്കാറിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ധരാമയ്യക്കു പുറമെ, കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെ വാല, പ്രിയങ്ക് ഖാർഗെ എം.എൽ.എ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.
അഭിമാനമുണ്ടെങ്കിൽ ബി.ജെ.പി എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ബൊമ്മൈ തയാറാവണമെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അഴിമതിക്ക് ഇതിൽപരം തെളിവുവേണോ എന്നും കോൺഗ്രസ് ചോദിച്ചു. കോൺഗ്രസിന്റെ എ.ടി.എം ആയിരുന്നു സിദ്ധരാമയ്യ സർക്കാറെന്നാണ് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കഴിഞ്ഞദിവസം ആരോപിച്ചത്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. ഒരു തെളിവുമില്ലാതെ ഗുരുതര ആരോപണങ്ങൾ നിങ്ങൾ ഉന്നയിക്കുന്നു. എന്നാൽ, ഇവിടെ നിങ്ങൾക്കെതിരെ എല്ലാ തെളിവുകളുമുണ്ട്. ജയിലിൽ കഴിഞ്ഞ അമിത് ഷായിൽനിന്നാണോ ഞങ്ങൾ പാഠം പഠിക്കേണ്ടതെന്നും കോൺഗ്രസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.