ജൂനിയർ ഓഡിറ്ററുടെ ബംഗ്ലാവിൽ റെയ്ഡ്: കണ്ടെത്തിയത് 90 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും
text_fieldsഭോപ്പാൽ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭോപ്പാലിൽ ജൂനിയർ ഓഡിറ്ററുടെ ബംഗ്ലാവിൽ ലോകായുക്ത അധികൃതർ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് 90 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും. ഭോപ്പാലിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാണിയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഇയാൾ അന്വേഷണം നേരിടുകയാണ്. ലോകായുക്തയുടെ സ്‌പെഷൽ പൊലീസ് ഭോപ്പാൽ യൂനിറ്റ് നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 55 ലക്ഷം രൂപയോളം വിലയുള്ള വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. ഹിംഗോറാണിയുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 13 ലക്ഷം രൂപ പണമായും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഇയാളുടെ ബംഗ്ലാവ്, രണ്ട് സ്‌കൂളുകൾ, മകന്റെ ഓഫിസുകൾ എന്നിവയുൾപ്പെടെ ആറ് വ്യത്യസ്‌ത സ്ഥലങ്ങളിൽ റെയ്ഡ് നടത്താൻ ആറ് ടീമുകൾ രൂപീകരിച്ചിരുന്നു. കൂടാതെ ലക്ഷ്മൺ നഗർ ബംഗ്ലാവിൽ നിന്ന് നാല് കാറുകളും അഞ്ച് ഇരുചക്ര വാഹനങ്ങളും കോടികളുടെ സ്വത്ത് രേഖകളും ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഹിംഗോറാണിയും മക്കളായ യോഗേഷും നിലേഷും ചേർന്ന് ഗാന്ധി നഗർ പ്രദേശത്തെ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി വിറ്റുവെന്ന ആരോപണവും നേരിടുന്നുണ്ട്. പ്രാഥമിക കണ്ടെത്തലിൽ കോടികളുടെ ആസ്തി സൂചിപ്പിക്കുന്ന രേഖകൾ കണ്ടെത്തി. മുമ്പ് സത്പുര ഭവനിലെ വിദ്യാഭ്യാസ സെക്രട്ടേറിയറ്റിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ഠിച്ച ഹിംഗോറാണി അഴിമതിയും വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപവും നടത്തിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നേരിടുകയാണ്.
കൂടാതെ ലക്ഷ്മി ദേവി വിക്യോമൽ സറഫ് എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മൂന്ന് സ്‌കൂളുകളുടെ നിയന്ത്രണം ഹിംഗോറാണിയും മക്കളും ഏറ്റെടുത്തതായി ആരോപണമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് രമേശ് ഹിംഗോറാണിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലോകായുക്ത ഡി.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.