പ്രതിപക്ഷത്തെ വിടാതെ റെയ്ഡ്; സഞ്ജയ് സിങ്ങുമായി ബന്ധമുള്ള രണ്ടു പേർക്ക് ഇ.ഡി നോട്ടീസ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ അടുത്തതോടെ പ്രതിപക്ഷം സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആദായ നികുതി വകുപ്പും റെയ്ഡും നടപടികളും ശക്തമാക്കിയതിൽ വൻ പ്രതിഷേധം. രാഷ്ട്രീയ വൈരാഗ്യം മൂലം ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ തുറന്നുവിട്ട് പകപോക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഒാഫിസുകളിലുമായിരുന്നു കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിയത്. എന്നാൽ, ഏജൻസികൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു.
ഇന്നലെ ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ‘ആപ്’ രാജ്യസഭാംഗം സഞ്ജയ് സിങ്ങുമായി ബന്ധമുള്ള രണ്ടുപേരെ ചോദ്യംചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച വിളിപ്പിച്ചു. സർവേശ് മിശ്ര, വിവേക് ത്യാഗി എന്നിവർക്കാണ് ഇതിനായി നോട്ടീസ് നൽകിയത്. അന്വേഷണത്തിനിടെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരം ഇവരുടെ മൊഴി രേഖപ്പെടുത്തും. സഞ്ജയ് സിങ്ങിനെ വ്യാഴാഴ്ച ഡൽഹി കോടതി അഞ്ചു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അനുയായിയും കോൺഗ്രസ് നേതാവുമായ ആർ.എം. മഞ്ജുനാഥ ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും വ്യാഴാഴ്ച ഇ.ഡി പരിശോധന നടത്തി. മഞ്ജുനാഥ ചെയർമാനായ ശിവമൊഗ്ഗ ജില്ലയിലെ സഹകരണ ബാങ്കിൽ 2012-14 കാലയളവിൽ നടന്ന മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ ഭക്ഷ്യമന്ത്രിയുമായ രതിൻ ഘോഷിന്റെ വീട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. 2014നും 2018നും ഇടയിൽ നടന്ന തൊഴിൽതട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു. രാഷ്ട്രീയവൈരം മൂലം ബി.ജെ.പി കേന്ദ്ര ഏജൻസികളെ അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ് പ്രകാശ് മജുംദാർ പറഞ്ഞു.
വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ തമിഴ്നാട്ടിലെ ആർക്കോണത്തു നിന്നുള്ള ഡി.എം.കെ ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജഗത് രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജഗത് രക്ഷകന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നാൽപതിലേറെ സ്ഥലങ്ങളിലായിരുന്നു പരിശോധന. ഡി.എം.കെ നേതാവും താംബരം ഡെപ്യൂട്ടി മേയറുമായ കാമരാജിന്റെ വസതിയിലും പരിശോധന നടന്നു. തെലങ്കാനയിൽ ബി.ആർ.എസ് എം.എൽ.എ മഗന്തി ഗോപിനാഥിന്റെയും കുടുംബാംഗങ്ങളുടെയും ഉൾപ്പെടെ നൂറിലേറെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.