ഭീകരബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് വേട്ട; വീടുകളിൽ റെയ്ഡ്
text_fieldsന്യൂഡൽഹി: ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ റെയ്ഡ്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നത്.
വീഡിയോ ജേർണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന പത്രപ്രവർത്തകരായ ഭാഷാ സിങ്, ഊർമിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.
ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്.
യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസിന്‍റെ നടപടി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.