കർണാടക മന്ത്രിയുടെ വീട്ടിലും ഒാഫിസിലും റെയ്ഡ്; 10 കോടി പിടിച്ചെടുത്തു
text_fieldsബംഗളൂരു: കർണാടക ഉൗർജമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് ആദായനികുതിവകുപ്പ് പരിശോധന. ഒരേസമയം ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ മന്ത്രിയുടെ വസതികളിലും ഒാഫിസുകളിലും അനുബന്ധസ്ഥാപനങ്ങളിലും ബാങ്കുകളിലും റിസോർട്ടുകളിലുമടക്കം നടന്ന പരിശോധനയിൽ 10.13 കോടി രൂപ പിടിച്ചെടുത്തതായാണ് വിവരം. ഡൽഹിയിലെ വസതിയിൽനിന്ന് 7.9 കോടിയും കർണാടകയിലെ വിവിധകേന്ദ്രങ്ങളിൽനിന്ന് 2.23 കോടിയും പിടിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാർക്ക് ബംഗളൂരുവിലെ റിസോർട്ടിൽ അഭയം നൽകിയതിെൻറ പേരിലാണ് ശിവകുമാറിെൻറ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് ആരോപണമുണ്ട്. ഗുജറാത്തിലെ 44 എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന ബിദഡി രാമനഗരയിലെ ഇൗഗ്ൾടൺ റിസോർട്ടിൽ മന്ത്രി ശിവകുമാർ താമസിക്കുന്ന മുറിയിലും എം.എൽ.എമാരുടെ മുറികളിലും പരിശോധന നടത്തി. ശിവകുമാറിെന വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നായി ബന്ധുക്കളുടെ അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളിൽനിന്ന് സ്വർണാഭരണങ്ങളും സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിക്ഷേപരേഖകളും കണ്ടെടുത്തു.
പല മേഖലകളിലായുള്ള ബിനാമി ഇടപാടുകളുടേതടക്കം മൂന്ന് സ്യൂട്ട്കേസ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി, ബംഗളൂരു, ചെന്നൈ, മൈസൂരു, രാമനഗര, കനക്പുര എന്നിവിടങ്ങളിലായി 64 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. സംസ്ഥാന പൊലീസിനെ വിവരമറിയിക്കാതെ അതീവ രഹസ്യമായായിരുന്നു ആദായ നികുതി വകുപ്പിെൻറ നീക്കം. സി.ആർ.പി.എഫ് സേനയുടെ കാവലിൽ വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ 120 ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പെങ്കടുത്തു.
ഡി.കെ. ശിവകുമാറിെൻറ വിശ്വസ്തനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കാർത്തിക് കിരൺ, ഡൽഹിയിൽ കർണാടകഭവനിൽ ഡ്രൈവറായ നാഗരാജ്, ഇൗഗ്ൾടൺ റിസോർട്ട് മാനേജർ മാത്യു എന്നിവരെ വിവിധയിടങ്ങളിലായി ചോദ്യംചെയ്തു. മൈസൂരുവിൽ മന്ത്രിയുടെ ഭാര്യ വീട് പരിേശാധിച്ച ഉദ്യോഗസ്ഥർ ഭാര്യാപിതാവ് തിമ്മയ്യയെയും വിശദമായി ചോദ്യം ചെയ്തു.
രാവിലെ റെയ്ഡ് ആരംഭിക്കുേമ്പാൾ റിസോർട്ടിലായിരുന്ന മന്ത്രിയെ സദാശിവനഗറിലെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ബിനാമി ഇടപാടുകൾ കണ്ടെത്താൻ ഡി.കെ. ശിവകുമാറിെൻറ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തി. റെയ്ഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ആദായനികുതിവകുപ്പ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.