റായ്ഗഡ് മണ്ണിടിച്ചിൽ; മരണം 27 ആയി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 27 ആയി. റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
81 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയെന്നും മറ്റുള്ളവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡന്റ് ദീപക് തിവാരി അറിയിച്ചു.
ജില്ല ഭരണകൂടം ഞായറാഴ്ച മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാർക്കും റിപ്പോർട്ട് അയക്കുമെന്നും തിങ്കളാഴ്ച രാവിലെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണക്കുകൾ പ്രകാരം ഗ്രാമത്തിലെ ജനസംഖ്യ 229 ആണ്. നിലവിൽ 98 പേരെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഗ്രാമത്തിലെ 48 വീടുകളിൽ 17 എണ്ണം പൂർണമായും മണ്ണിനടിയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ ബാധിത പ്രദേശത്തെ മൃതദേഹങ്ങളിൽ നിന്ന് ദുർഗന്ധം പരന്നതിനെ തുടർന്ന് ഇർഷാൽവാദിയിലും നാനിവാലി ഗ്രാമത്തിലും സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്.
അപകട സമയത്ത് ഇർഷാൽവാഡി ഗ്രാമത്തിലെ കുട്ടികൾ ബോർഡിങ് സ്കൂളുകളിൽ പോയതിനാൽ കൂടുതൽ അപകടം ഒഴിവായി. ദുരന്തത്തിൽ ഒട്ടേറെ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അനാഥരായ കുട്ടികളെ സംരക്ഷിക്കാനുളള നടപടികൾ ആരംഭിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.