ട്രെയിൻ ദുരന്തം: അന്വേഷണത്തിന് സി.ബി.ഐ സിഗ്നലിൽ പിഴച്ചു, അട്ടിമറി സാധ്യതയും പരിശോധിക്കും
text_fieldsന്യൂഡൽഹി: ഒഡിഷ ബാലസോറിൽ 275 പേരുടെ മരണത്തിനും 1175 പേർക്ക് പരിക്കേൽക്കാനുമിടയായ ട്രെയിൻ ദുരന്തത്തെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ദുരന്തകാരണം കേന്ദ്ര സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന ആക്ഷേപമുയരുകയും മരിച്ചവരുടെ കണക്കിൽ അവ്യക്തത ആരോപിക്കപ്പെടുകയും ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സി.ബി.ഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശിപാർശ.
സിഗ്നലിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമായതെന്നും യഥാർഥ കാരണം കണ്ടെത്തി കുറ്റവാളികളെ തിരിച്ചറിഞ്ഞതായും രാവിലെ വാർത്ത സമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് വൈകീട്ട് സി.ബി.ഐ അന്വേഷണ നിർദേശം. വിഷയത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിനുപിന്നിൽ അട്ടിമറി സാധ്യതയും സംശയിക്കുന്നു. പൊതുവെ അബദ്ധം വരാനിടയില്ലാത്ത വിധം സജ്ജീകരിച്ചതാണ് ഇലക്ട്രോണിക് സംവിധാനമെന്നും എന്നിട്ടും തകരാറ് സംഭവിച്ചതോടെയാണ് അട്ടിമറി സധ്യത സംശയിക്കുന്നത്. ഒരുപക്ഷേ, അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള അട്ടിമറിയാകാമെന്നും റെയിൽവേ അധികൃതർ സൂചിപ്പിച്ചു.
‘സംവിധാനത്തിൽ തകരാറ് സംഭവിച്ചാൽ സിഗ്നലുകൾ ചുവപ്പു കത്തുകയും എല്ലാ ട്രെയിനുകളും പ്രവർത്തനം നിർത്തുകയും ചെയ്യണം. സിഗ്നലിങ്ങിൽ തകരാറ് വന്നതായി മന്ത്രി വ്യക്തമാക്കിയതിനാൽ ആരെങ്കിലും ഇടപെട്ടതാകാം’’- റെയിൽവേ ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ജയ വർമ സിൻഹ പറഞ്ഞു.
ട്രെയിൻ കടന്നുപോകാൻ സിഗ്നൽ നൽകുന്ന പോയന്റ് മെഷീൻ, ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം എന്നിവയിൽ സംഭവിച്ച പിഴവാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തത്തിന് കാരണമായത്. തെറ്റു സംഭവിക്കരുതാത്തതും പാളിപ്പോകാത്തതുമാണ് ഈ സംവിധാനം. പിഴവുണ്ടായാൽ സിഗ്നൽ ചുവപ്പു കത്തുകയും ട്രെയിനുകൾ യാത്ര നിർത്തുകയും വേണം. അതുണ്ടായിട്ടില്ല. എന്നല്ല, കൂട്ടിയിടി ഒഴിവാക്കാൻ നടപ്പാക്കിയ ഇലക്ട്രോണിക് ഇന്റർലോക്കിങ് പിഴച്ച് കോറമണ്ഡൽ എക്സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ട്രെയിൻ ലോക്കോപൈലറ്റിന്റെ ഭാഗത്ത് അബദ്ധം സംഭവിച്ചിട്ടില്ല. ഇന്റർലോക്കിങ് കേടുവരുത്തിയെന്ന സാധ്യത നിലനിൽക്കുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ട്രെയിൻ ഏതു ട്രാക്കിൽ കടന്നുപോകണമെന്ന് തീരുമാനിക്കുന്നത് ഇലക്ട്രോണിക് ലോക്കിങ് ആണ്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ സാങ്കേതികതയും ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത് നിയന്ത്രിക്കുന്നത്. സെൻസറുകളും മറ്റു ഫീഡ്ബാക്ക് സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.
ബോധപൂർവമല്ലാതെ ഇതിൽ തെറ്റു സംഭവിക്കേണ്ടതില്ല. എന്നിട്ടും ഇതിൽ തകരാറ് സംഭവിച്ചു. പ്രധാന പാതയിൽ സഞ്ചരിക്കാൻ സിഗ്നൽ നൽകുകയും എന്നാൽ, ലൂപ് ലൈനിലേക്ക് ലോക്കിങ് മാറ്റിയിടുകയും ചെയ്തതോടെ അതിവേഗത്തിലെത്തിയ ട്രെയിൻ വഴിമാറി ഗുഡ്സ് ട്രെയിനിന്റെ പിറകിൽ ഇടിച്ചുകയറുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. രണ്ടു ട്രെയിനുകൾ കടന്നുപോകാനായി നിർത്തിയിട്ടതായിരുന്നു ഗുഡ്സ് ട്രെയിൻ. ഇതിലേക്കാണ് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയത്. മറിഞ്ഞ ബോഗികളിൽ തട്ടി എതിർദിശയിൽ വന്ന ബംഗളൂരു- ഹൗറ എക്സ്‍പ്രസിന്റെ രണ്ടു ബോഗികളും മറിഞ്ഞു. നേരത്തേ 288 പേർ മരിച്ചതായാണ് കണക്കുകൾ പുറത്തുവിട്ടിരുന്നതെങ്കിലും പിന്നീട് 275 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
ബാലസോർ, കട്ടക്, ഭുവനേശ്വർ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആവശ്യമായ എല്ലാ പരിചരണവും നൽകിവരുന്നതായി കേന്ദ്രം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.