റെയിൽവേ പാലത്തിൽ വിള്ളൽ: ചെന്നൈയിൽനിന്നുള്ള ട്രെയിൻ ഗതാഗതം അവതാളത്തിൽ
text_fieldsചെന്നൈ: വെല്ലൂർ കാട്പാടിക്ക് സമീപം റെയിൽവേ പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെയിൻ സർവിസുകൾ അവതാളത്തിലായി. അറകോണം-കാട്പാടി സെക്ഷനിലെ മുകുന്ദരായപുരം-തിരുവാളം സ്റ്റേഷനുകൾക്കിടയിലെ പൊന്നയാറിന് കുറുകെയുള്ള 143 വർഷം പഴക്കമുള്ള റെയിൽവേ പാലത്തിലാണ് ഗുരുതര വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്.
ഈയിടെ ഉണ്ടായ കനത്ത മഴയിൽ പൊന്നയാറിലെ ജലവിതാനം ഉയർന്നിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. ചെന്നൈയിൽനിന്ന് കോയമ്പത്തൂർ, ബംഗളൂരു, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി 23 സർവിസുകൾ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.
ശനിയാഴ്ചയും 22 സർവിസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്, ചെന്നൈ-ബംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് തുക തിരിച്ചു നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.