നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമം; വഴുതിപ്പോയ വൃദ്ധയേയും മകനെയും രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥ
text_fieldsകൊൽക്കത്ത: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ നിന്ന് തലനാരിയക്ക് രക്ഷപ്പെട്ട് വൃദ്ധയും മകനും. പശ്ചിമ ബംഗാളിലെ ബങ്കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥയുടെ ജാഗ്രതയോടെയുള്ള ഇടപെടലാണ് ഈ അമ്മക്കും മകനും ജീവൻ തിരിച്ച് നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് വൃദ്ധയും മകനും ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിച്ചത്. അപകടം മനസ്സിലാക്കിയ ആർ.പിഎഫ് ഉദ്യോഗസ്ഥ അവരുടെ അടുത്തേക്ക് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം.
ഉദ്യോഗസ്ഥ അവരുടെ അടുത്തേക്ക് ഓടി എത്തുന്നതിന് മുമ്പ് തന്നെ വൃദ്ധയും മകനും നിലത്തേക്ക് വീണിരുന്നു. എന്നാൽ വലിയ അപകടമുണ്ടാകുന്നതിന് മുമ്പ് ആർ.പി.എഫ് ഉദ്യോഗസ്ഥ സ്ഥലത്തെത്തി അവരെ രക്ഷിച്ചു. അപകടം ശ്രദ്ധയിൽ പെട്ട മറ്റ് യാത്രക്കാരും അവരുടെ അടുത്തേക്ക് ഓടിയടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആർ.പി.എഫ് ഉദ്യോഗസ്ഥയുടെ കൃത്യമായ ഇടപെടലിന് കയ്യടിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് ഇത്തരം സാഹസികതക്ക് ആരും മുതിരരുതെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്ററിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.