ആന്ധ്രയിൽനിന്ന് യു.പിയിൽ വാഗൺ എത്താൻ മൂന്നര വർഷം!
text_fieldsലഖ്നോ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ചരക്ക് തീവണ്ടിയുടെ വാഗൺ ഉത്തർപ്രദേശിലെ ബസ്തി സ്റ്റേഷനിൽ എത്താൻ എടുത്തത് മൂന്നര വർഷം! ബോഗിയിൽ ബുക്ക് ചെയ്ത് അയച്ച ചരക്ക് ഇപ്പോൾ സ്റ്റേഷനിലെത്തിയത് ഉപയോഗശൂന്യമായ നിലയിലും. ഉടമക്ക് നഷ്ടം 10 ലക്ഷം രൂപ. റെയിൽവേ അനാസ്ഥയുടെ ചരിത്രത്തിൽ തുന്നിച്ചേർക്കാനുള്ള ഇൗ അധ്യായത്തിെൻറ തുടക്കം 2014 നവംബറിലാണ്. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് കമ്പനി 107462 നമ്പർ വാഗൺ ബുക്ക് ചെയ്ത് 1400 കി.മി അകലെയുള്ള യു.പിയിലെ ബസ്തി ജില്ലയിലെ കടയിലേക്കാണ് വളം അയച്ചത്.
പാഴ്സൽ സമയത്തിന് എത്താത്തതിനെ തുടർന്ന് ഉടമ റെയിൽവേക്ക് പരാതി നൽകി. നിരവധി സ്റ്റേഷനുകളിലേക്ക് നോട്ടീസ് അയച്ചിട്ടും വാഗൺ കണ്ടെത്താൻ റെയിൽവേക്ക് കഴിഞ്ഞില്ല. മൂന്നര വർഷത്തിനു ശേഷം വാഗൺ കണ്ടെത്തി ബസ്തി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വളം നശിച്ചതിനാൽ ഉടമ ഏറ്റുവാങ്ങാൻ തയാറായില്ല.
നഷ്ടപ്പെട്ട ചരക്ക് തിരികെ ലഭിക്കാൻ നിരവധി തവണ റെയിൽവേയെ സമീപിച്ചിരുന്നതായി ഉടമ രാമചന്ദ്ര ഗുപ്ത പറഞ്ഞു. മൂന്നര വർഷത്തിനു ശേഷം വീണ്ടെടുത്തെങ്കിലും ഉപയോഗശൂന്യമായ ചരക്കിന് റെയിൽവേ നഷ്ടപരിഹാരം നൽകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതുസംബന്ധിച്ച റെയിൽവേ വാദം കൗതുകകരമാണ്. ഏതെങ്കിലും വാഗൺ സുരക്ഷിതമല്ലെന്ന് കണ്ടാൽ അത് ട്രെയിനിൽനിന്ന് വിച്ഛേദിച്ച് യാർഡിലേക്ക് അയക്കുകയാണ് പതിവെന്ന് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ സ്ഒാഫിസർ സഞ്ജയ് യാദവ് പറഞ്ഞു.
വടക്കൻ റെയിൽവേ പരിധിയിലെ സ്റ്റേഷനിലായിരുന്നു വാഗൺ പാർക്ക് ചെയ്തിരുന്നത്. ചരക്കിന് അവകാശവാദമുന്നയിച്ച് എത്തുന്നവർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.