ഇനിമുതൽ 15 ദിവസത്തിലൊരിക്കൽ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേ
text_fieldsന്യൂഡൽഹി: എ.സി കോച്ചുകളിൽ ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കമ്പിളിപ്പുതപ്പുകൾ 15 ദിവസത്തിലൊരിക്കൽ കഴുകുമെന്ന് നോർത്തേൺ റെയിൽവേ. ചൂടുള്ള നാഫ്തലിൻ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുമെന്നും റെയിൽവേ അറിയിച്ചു. യാത്രയിലെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് നടപടി.
ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും ഓരോ ട്രിപ്പ് കഴിയുമ്പോഴും അണുനശീകരണം നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് യു.വി റോബോട്ടിക് സാനിറ്റൈസേഷനിലൂടെയാണ് അണുനശീകരണം നടത്തുന്നത്.
ഓരോ ഉപയോഗത്തിനുശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ തുണികൾ കഴുകുമെന്നും വൈറ്റോ മീറ്റർ പരിശോധനയിൽ വിജയിച്ചശേഷമേ വീണ്ടും ഉപയോഗിക്കൂവെന്നും നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ പറഞ്ഞു. 2010ന് മുൻപ് മൂന്നു മാസത്തിലൊരിക്കൽ കഴുകിയിരുന്ന കമ്പിളി പുതപ്പ് ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കഴുകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകൾ നൽകുന്നു. നോർത്തേൺ റെയിൽവേ സോണിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.