ബാലസോർ ട്രെയിൻ ദുരന്തം: അന്വേഷണ റിപ്പോർട്ട് പരസ്യമാക്കില്ല
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ റെയിൽവേ സുരക്ഷ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് റെയിൽവേ ബോർഡ്. അപകടം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നതിനാൽ സുരക്ഷ കമ്മിറ്റി റിപ്പോർട്ടിന്റെ സ്വാധീനം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് കാരണമായി റെയിൽവേ പറയുന്നത്. രണ്ടു റിപ്പോര്‍ട്ടുകളും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ മാനുഷിക പിഴവു മൂലമാണ് അപകടമുണ്ടായതെന്നാണ് സുരക്ഷ കമ്മിറ്റിയുടെ കണ്ടെത്തൽ. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സിഗ്നലിങ് ജീവനക്കാരന് സ്റ്റേഷന് മാസ്റ്റർക്ക് ‘ഡിസ്കണക്ഷന് മെമ്മോ’ നല്‍കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
അറ്റകുറ്റപ്പണിക്കുശേഷം ട്രാക്കില്‍ മറ്റു പ്രശ്നങ്ങളില്ലെന്നു കാണിച്ച് ജീവനക്കാരന് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിഗ്നലിങ്ങിനായി വീണ്ടും കണക്ഷന് മെമ്മോ നല്‍കിയിരുന്നു.
ട്രെയിന്‍ കടന്നുപോകുന്നതിനു മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷച്ചട്ടം പാലിച്ചില്ലെന്നും റീകണക്ഷന് മെമ്മോ നല്കിയ ശേഷവും സിഗ്നലിങ് ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍, അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷനിലെ ഓപറേഷന്‍സ് സ്റ്റാഫിനും സിഗ്നലിങ് ജീവനക്കാരനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കി. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടതിന് പിന്നാലെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.