ബജറ്റ് പ്രസംഗത്തിൽ പദ്ധതിയും പരാമർശവുമില്ലാതെ റെയിൽവേ
text_fieldsന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ചൊവ്വാഴ്ച നടത്തിയ ഒന്നര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ രാജ്യത്തെ സുപ്രധാന വകുപ്പായ റെയിൽവേയുടെ വികസനത്തിന് എത്ര രൂപ വകയിരുത്തിയെന്നോ പുതിയ പദ്ധതികളെക്കുറിച്ചോ മിണ്ടാട്ടമില്ല. ആന്ധ്ര പ്രദേശിന്റെ വികസനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിൽ ഒരുതവണ മാത്രമാണ് റെയിൽവേ എന്ന പദം മന്ത്രിയുടെ പ്രസംഗത്തിൽ കടന്നുവന്നത്. രാജ്യത്ത് ട്രെയിനപകടം വർധിച്ച സാഹചര്യത്തിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും ബുള്ളറ്റ് ട്രെയിൻ, വന്ദേ ഭാരത് മെട്രോ, വന്ദേഭാരത് സ്ലീപ്പർ തുടങ്ങിയ പുതിയ ട്രെയിനുകൾക്കുമുള്ള വലിയ പ്രഖ്യാപനങ്ങൾ ഏവരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, 2.62 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിതെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പിന്നീട് നടത്തിയ വാർത്തസമ്മേനത്തിൽ പറഞ്ഞു. 1.8 ലക്ഷം കോടി രൂപ റെയിൽവേ സുരക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾക്കാണ് വകയിരുത്തിയത്. പഴയ പാതകൾ മാറ്റി സ്ഥാപിക്കുന്നതിനും സിഗ്നൽ സംവിധാനം പരിഷ്കരിക്കാനും ട്രെയിനുകൾ കൂട്ടിയിടിക്കുന്ന് തടയാനുള്ള കവച് സംവിധാനം പാതകളിൽ സ്ഥാപിക്കാനും മേൽപാലം നിർമിക്കാനും ഉൾപ്പെടെയാണിത്. എന്നാൽ, കവച് പദ്ധതിക്ക് എത്ര രൂപയാണ് വകയിരുത്തിയതെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല. പകരം ഇതുവരെ എത്ര കിലോമീറ്റർ കവച് നടപ്പാക്കി എന്നത് സംബന്ധിച്ച വിശദീകരണമാണ് മന്ത്രി നൽകിയത്. 2017 വരെ റെയിൽവേ ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിച്ചിരുന്നത്. 92 വർഷത്തെ ഈ കീഴ്വഴക്കത്തിന് മാറ്റമുണ്ടാക്കിയത് ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിയാണ്.
പ്രതിരോധവിഹിതമുയർത്തി
പ്രതിരോധമേഖലക്കുള്ള ബജറ്റ് വിഹിതമുയർത്തി. 6.21 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലക്കായി ഇക്കുറി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിൽ 5.94 ലക്ഷം കോടിയായിരുന്നു പ്രതിരോധത്തിന് നീക്കിവെച്ചത്. ആകെ ബജറ്റിന്റെ 12.9 ശതമാനമാണ് പ്രതിരോധത്തിന് നീക്കിവെച്ച തുക. പ്രതിരോധ മന്ത്രാലയത്തിന് ഉയർന്ന വിഹിതം അനുവദിച്ചതിന് താൻ ധനമന്ത്രിയോട് നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. അധികമായി അനുവദിച്ച 1,72,000 കോടി സായുധ സേനയുടെ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലക്ക് ഒന്നുമില്ല
മുൻകാലങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലക്ക് പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉണ്ടായില്ല. അർബുദ ചികിത്സക്കായി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളെ നികുതി ഇളവിൽ ഉൾപ്പെടുത്തിയെന്ന പ്രസ്താവന മാത്രമാണ് ആരോഗ്യം സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞിട്ടുള്ളത്. ബിഹാറിൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്ന് പരാമർശിക്കുകയും ചെയ്യുകയുണ്ടായി. ഇത്തവണത്തെ ബജറ്റിൽ 89,287 കോടി രൂപയാണ് ആരോഗ്യമേഖലക്ക് വകയിരുത്തിയത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.