ആക്ഷേപഹാസ്യത്തിലൂടെ സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
text_fieldsറായ്പൂർ: ആക്ഷേപഹാസ്യത്തിലൂടെ ഛത്തീസ്ഗഡ് സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 'ഇന്ത്യ റൈറ്റേഴ്സ്' മാസികയുടെ എഡിറ്റർ നിലേഷ് ശർമയെയാണ് ലേഖനമെഴുതിയതിന്‍റെ പേരിൽ കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്രവർത്തകനായ ഖിലവൻ നിഷാദാണ് മാധ്യമപ്രവർത്തകനെതിരെ റായ്പൂർ സൈബർ പൊലീസിൽ പരാതി നൽകിയത്.
നിലേഷ് ശര്‍മയുടെ 'ഘുര്‍വാ കേ മാതി' കോളത്തില്‍ എഴുതുന്ന ലേഖനങ്ങളിലെ സാങ്കല്‍പിക കഥാപാത്രങ്ങള്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായും സാമ്യമുള്ളതായി ഖിലവൻ നിഷാദ് ആരോപിച്ചു. തന്റെ കോളത്തില്‍ മന്ത്രിമാർക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഇത് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
തെറ്റായ വിവരങ്ങളും കിംവദന്തികളും ഉൾപ്പെടുത്തി ലേഖനങ്ങൾ എഴുതിയതിന് ശർമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റായ്പൂർ പൊലീസ് പറഞ്ഞു. വലതുപക്ഷ അനുഭാവിയായാണ് ശര്‍മ അറിയപ്പെടുന്നത്.
അതേസമയം, മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത കോൺഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
മുൻ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.