ആ കാവിയല്ല റായ്പൂരിലെ കാവി
text_fieldsറായ്പുരിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ നീണ്ട താടിയും കളഭക്കുറിയുമുള്ള കാഷായ വേഷധാരി വോട്ടു ചോദിക്കുന്ന പോസ്റ്റർ. ആ വേഷം ദേശീയ രാഷ്ട്രീയത്തിൽ സാധാരണമായി മാറിയെങ്കിലും, കോൺഗ്രസ് സ്ഥാനാർഥിയോ? സംശയം ബാക്കിയായി. നേരം വെളുത്തു വരുന്നതേയുള്ളൂ.
അന്തർസംസ്ഥാന ബസ് ടെർമിനലിനോട് ചേർന്ന കോൺഗ്രസ് ഓഫിസിൽ ആളനക്കമായിട്ടില്ല. പരിസരത്തെ ചായക്കടക്കാരൻ രാവിലെതന്നെ രാഷ്ട്രീയ ലഹരിയിലായിക്കഴിഞ്ഞു. സ്ഥാനാർഥിയുടെ വിശേഷം അദ്ദേഹം വിശദീകരിച്ചു തുടങ്ങി. റായ്പുർ സൗത്ത് മണ്ഡലം ബി.ജെ.പിയുടെ ഉരുക്കു കോട്ടയെന്നാണ് അറിയപ്പെടുന്നത്.
അതു പിടിക്കണമെങ്കിൽ പ്രതിയോഗിയായ സ്ഥാനാർഥിക്ക് കാവിയും കളഭക്കുറിയുമൊക്കെ വേണം. അതിന് കോൺഗ്രസ് ഇറക്കിയ തുറുപ്പു ചീട്ടാണ് പോസ്റ്ററിലെ റാം സുന്ദർദാസ്. റായ്പുരിൽ പ്രസിദ്ധമാണ് ധൂതാതാരി ക്ഷേത്രവും മഠവും. മഠാധിപതിയും ഛത്തിസ്ഗഢ് പശുക്ഷേമ ബോർഡ് ചെയർമാനുമാണ് അദ്ദേഹം.
സെക്രട്ടേറിയറ്റ് ഉൾപ്പെടെ ഭരണസംവിധാനങ്ങൾ മുഴുവൻ പുതിയ റായ്പുരിലാണെങ്കിലും നഗരത്തിന്റെ സ്പന്ദനം പഴയ റായ്പുരിൽതന്നെ. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, മാർക്കറ്റ് തുടങ്ങിയവയെല്ലാം പഴയ റായ്പുരിലായതിനാൽ ജനങ്ങൾ ഒഴുകുന്നത് ഇവിടേക്കാണ്.
റായ്പുർ സിറ്റി വെസ്റ്റ്, സൗത്ത്, നോര്‍ത്ത്, റൂറല്‍ എന്നിങ്ങനെ നാല് മണ്ഡലങ്ങളാണ് രണ്ടു നഗരങ്ങളിലായി പരന്നു കിടക്കുന്നത്. മറ്റു മൂന്നു മണ്ഡലങ്ങളും കോൺഗ്രസിന് ഒപ്പമാണെങ്കിലും, ഇതുവരെ കൈയിൽ കിട്ടാത്ത മണ്ഡലം സൗത്ത് മാത്രമാണ്.
ധാരാളം കുളങ്ങളും ചുറ്റുവട്ടത്തെല്ലാം ക്ഷേത്രങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് സൗത്ത് മണ്ഡലം. ബി.ജെ.പിയുടെ ബ്രിജ്മോഹൻ അഗർവാൾ കുത്തകയാക്കിവെച്ചിരിക്കുകയാണ് മണ്ഡലമെന്നു പറഞ്ഞാൽ പോരാ. ഏഴു തവണയാണ് അദ്ദേഹം എം.എൽ.എ ആയത്. തുടർച്ചയായി 15 വർഷം ഭരിച്ച ബി.ജെ.പി സർക്കാറിൽ ആഭ്യന്തരം ഉൾപ്പെടെ മിക്ക വകുപ്പുകളും ബ്രിജ്മോഹൻ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇക്കുറി സൗത്ത് മണ്ഡലംകൂടി പിടിച്ചെടുത്ത് റായ്പുർ പൂർണമായും തങ്ങളുടേതാക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. 2021ൽ ഹിന്ദുത്വവാദികൾ റായ്പുരിൽ നടത്തിയ ധരംസൻസദിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത എതിർപ്പുയർത്തിയ മഠാധിപതികൂടിയാണ് രാം സുന്ദർദാസ്. 2003ൽ പാംഗഡിൽനിന്നും 2008ൽ ജയ്ജയ്പൂരിൽനിന്നും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ ആയി. 2013ൽ നേരിയ വോട്ടിന് പരാജയപ്പെട്ടു.
ബി.ജെ.പിയെ മൃദുഹിന്ദുത്വ പദ്ധതികളിലൂടെ സംസ്ഥാനത്ത് ബാഘേൽ സമർഥമായി മറികടന്നിട്ടുണ്ട്. രാമന്റെ 65 അടി ഉയരമുള്ള പ്രതിമ നിർമിച്ചും, രാമന്റെ പദയാത്ര ടൂർ ആരംഭിച്ചും, രാമായണ ദേശീയമേള സംഘടിപ്പിച്ചും പശുക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയും ബാഘേൽ ഹിന്ദു വോട്ടർമാരെ കോൺഗ്രസിലേക്ക് കൂടുതൽ ചേർത്തു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.